അജിത് കുമാർ
ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. മദ്രാസ് ഹൈക്കോടതി ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചതിനു പിന്നാലൊയാണ് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിൻ കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസ് സിബിഐ കൂടാതെ സിബിസിഐഡിയുടെ പ്രത‍്യേക സംഘവും അന്വേഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുമായി സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി.
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി. അജിത് കുമാർ (27) തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു മരിച്ചത്. അജിത്തിന്‍റെ ശരീരത്തിൽ 30 ഇടങ്ങളിൽ ചതവുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.
ജൂൺ 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയിൽ അജിത്തിനെ അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോൾ കാറിന്‍റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും, മടങ്ങിയെത്തിയപ്പോൾ കാറിലുണ്ടായിരുന്ന ബാഗിലെ ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു നികിതയുടെ പരാതി.
മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പൊലീസിന് മൊഴി നൽകിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പിന്നീട് അജിത്ത് മരിച്ചുവെന്ന വിവരമാണ് പൊലീസ് കുടുംബത്തെ അറിയിച്ചത്.