Supreme Court of India file image
India

മുത്തലാഖ്: കേസുകളുടെ വിവരം നൽകാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

കേസ് മാർച്ച് 17ന് ആരംഭിക്കുന്ന ആഴ്ചയിലേക്കു മാറ്റി.

Ardra Gopakumar

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി. മുത്തലാഖ് നിരോധന നിയമത്തിനെതിരേ മുസ്‌ലിം സംഘടനകളും വ്യക്തികളും നൽകിയ 12 ഹർജികൾ പരിഗണിക്കുമ്പോഴാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം. കേരളത്തില്‍ നിന്നടക്കം ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകള്‍ക്കെതിരേ ഹൈക്കോടതികളിൽ കേസുണ്ടെങ്കിൽ അതേക്കുറിച്ചും റിപ്പോര്‍ട്ടു നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് മാർച്ച് 17ന് ആരംഭിക്കുന്ന ആഴ്ചയിലേക്കു മാറ്റി.

മുസ്‌ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വിശദീകരിച്ചു. മുത്തലാഖ് സാധുവാണെന്നല്ല, അതു ക്രിമിനൽ കുറ്റമാക്കിയതാണു ഹർജിക്കാർ എതിർക്കുന്നതെന്നു ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാൽ, ശിക്ഷ ചുമത്തുന്നത് പൂർണമായും പാർലമെന്‍ററി നയത്തിന്‍റെ പരിധിയിലാണെന്നു തുഷാർ മേഹ്ത പറഞ്ഞു. ശിക്ഷ ആനുപാതികമല്ലെന്ന വാദവും അംഗീകരിക്കാനാവില്ല. ഈ കേസിൽ പരമാവധി ശിക്ഷ മൂന്നു വർഷമാണ്. സ്ത്രീ സംരക്ഷണത്തിനുള്ള മറ്റു നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനെക്കാൾ കുറവാണിതെന്നും മേഹ്ത ചൂണ്ടിക്കാട്ടി.

വനിതാ ഡോക്റ്ററുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ