വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വഖഫിൽ അഞ്ച് വര്‍ഷമെങ്കിലും മുസ്ലീം മത വിശ്വാസിയായിരിക്കണം, അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥ അടക്കമുള്ള വിവാദ വകുപ്പുകൾക്കാണ് സ്റ്റേ അനുവദിച്ചത്. നിയമം പൂർണമായും സ്റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നു ദിവസത്തെ തുടർച്ചയായ വാദത്തിനുശേഷം കഴിഞ്ഞ മേയ് 22ന് കോടതി കേസ് വിധി പറയാൻ മാറ്റിയ കേസിലാണ് വിധി പറഞ്ഞത്.
കേസിൽ തീർപ്പുണ്ടാകുന്നതു വരെ സംസ്ഥാന വഖഫ് ബോർഡുകളിലും കേന്ദ്ര വഖഫ് കൗൺസിലിലും അമുസ്‌ലിംകളെ നിയമിക്കരുതെന്നു കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. ഉപയോഗം കൊണ്ടു വഖഫ് ആയതടക്കം ഒരു വഖഫ് സ്വത്തും ഈ വിഭാഗത്തിൽ നിന്നു മാറ്റരുതെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചു. എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, മുസ്‌ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉൾപ്പെടെ മുസ്‌ലിം സംഘടനകൾ, ടിഎംസി എംപി മഹുവ മൊയ്ത്ര, അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോർഡ്, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സിപിഐ, ഡിഎംകെ, എസ്പി തുടങ്ങി വിവിധ രാഷ്‌ട്രീയ കക്ഷികൾ തുടങ്ങിയവരാണു നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
നിയമത്തിന് സമ്പൂർണ സ്റ്റേ പാടില്ലെന്നും പാർലമെന്റ് പാസാക്കിയ നിയമത്തിന് സ്വമേധയാ ഭരണഘടനാ സാധുതയുണ്ടെന്നും ഏപ്രിൽ 25ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സത്യവാങ്മൂലം നൽകിയിരുന്നു. ഏപ്രിൽ എട്ടിനാണ് രാഷ്ട്രപതി ഒപ്പുവച്ച നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. ഏപ്രിൽ മൂന്നിന് ലോക്സഭയും നാലിനു രാജ്യസഭയും ബിൽ പാസാക്കി.