''വാടക ഗർഭ ധാരണ നിയമത്തിന് മുൻകാല പ്രാബല്യമില്ല''; സുപ്രീം കോടതി
file image
ന്യൂഡൽഹി: വാടക ഗർഭ ധാരണ നിയന്ത്രണ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് സുപ്രീംകോടതി. 2021 ലെ വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് വാടക ഗർഭധാരണ പ്രക്രിയ ആരംഭിച്ച ദമ്പതികൾക്ക് നിലവിലെ നിയമപരമായ പ്രായം കഴിഞ്ഞാലും വാടക ഗർഭധാരണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2021 ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിലെ സെഷൻ 4(iii)(c)(I) പ്രകാരം സ്ത്രീക്ക് 23 നും 50 നും പുരുഷന്മാർക്ക് 26 നും 55 നും ഇടയിൽ പ്രായമുണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നത്. നിലവിലെ നിയമം പ്രാബല്യത്തിൽ വരും മുൻപ് പ്രായപരിധി ബാധകമായിരുന്നില്ല. അതിനാൽ തന്നെ വാടക ഗർഭധാരണ പ്രക്രിയ ആരംഭിച്ച ദമ്പതികൾക്ക് മുൻകാല പ്രാബല്യത്തിൽ ബാധകമാകില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പ്രായമായ മാതാപിതാക്കൾ കുട്ടിയെ വളർത്താൻ അനുയോജ്യരല്ല എന്നതിന്‍റെ അടിസ്ഥാനത്തിൽ പ്രായപരിധി മുൻകാല പ്രാബല്യത്തിൽ വരുത്തുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്‍റെ വാദം സുപ്രീം കോടതി തള്ളി. മാതാപിതാക്കളുടെ അനുയോജ്യത തീരുമാനിക്കേണ്ടത് സംസ്ഥാനത്തിന്‍റെ ജോലിയല്ലെന്നും കോടതി വ്യക്തമാക്കി.
"നിലവിലെ സാഹചര്യത്തിൽ, ദമ്പതികളുടെ രക്ഷാകർതൃ കഴിവുകൾ വാടക ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടാകാനുള്ള അവരുടെ യോഗ്യതയെ വെല്ലുവിളിക്കാൻ ഉപയോഗിക്കുന്നു. വാടക ഗർഭധാരണം ആരംഭിച്ചതിന് ശേഷം ദമ്പതികൾക്ക് കുട്ടികളെ വളർത്താനുള്ള കഴിവിനെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്തിന് അവകാശപ്പെട്ടതല്ല. ഇക്കാര്യത്തിൽ, സ്വാഭാവികമായി ഗർഭം ധരിക്കാനും കുട്ടികളെ പ്രസവിക്കാനും ആഗ്രഹിക്കുന്ന ദമ്പതികൾക്ക് നിയമം ഒരു പ്രായപരിധിയും ഏർപ്പെടുത്തുന്നില്ല", കോടതി വ്യക്തമാക്കി.