തെലങ്കാന: നാഗർകുർണൂലിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ, കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാദൗത്യത്തിൽ നാവികസേനയുടെ മറൈൻ കമാൻഡോകളും രംഗത്തെത്തി. തുരങ്കത്തിൽ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം.
രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ വഴിയൊരുക്കുന്നതിന്, അവശിഷ്ടങ്ങൾ ഇ-കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് നടക്കുന്നത്. തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ മൂടിയ നിലയിലാണ്.
ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്.
മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം.
നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.