ആഗ്ര: മഹാകുംഭമേളയിൽ ഇതുവരെ 62 കോടി സനാതന ധർമ വിശ്വാസികൾ പങ്കെടുത്തെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്താകെയുള്ള 120 കോടി സനാതന ധർമ വിശ്വാസികളിൽ പകുതിയോളം പേർ ഇതുവരെ തീർഥസ്നാനം നടത്തി. ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ ഇത്രയധികം ഭക്തർ തങ്ങളുടെ വിശ്വാസത്തോടു പ്രതിബദ്ധത പുലർത്താനെത്തുന്ന ചടങ്ങ് ലോകത്ത് ഈയൊരു വിഭാഗത്തിനു മാത്രമേയുള്ളൂ.
സനാതന ധർമം പിന്തുടരുന്നവർക്ക് ഭാരതത്തിന്‍റെ സന്ന്യാസ പൈതൃകത്തോടും 'ഋഷിമാരോടും ഈശ്വര സങ്കൽപ്പത്തോടും ഉത്സവങ്ങളോടും ആഘോഷങ്ങളോടും നന്ദി പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി മഹാകുംഭമേള മാറിയിരിക്കുന്നെന്നും യോഗി ആദിത്യനാഥ്. കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശങ്കര വിജയേന്ദ്ര സരസ്വതി മഹാരാജിന്‍റെ സാന്നിധ്യത്തിൽ സന്ന്യാസിമാരോടു സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സനാതന ധർമത്തെ മുന്നോട്ടുനയിക്കുന്നതിൽ കാഞ്ചി കാമകോടി പീഠം എക്കാലവും മുന്നിൽ നിന്നിട്ടുണ്ട്. സനാതന ധർമം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ വേണ്ട ഉപദേശങ്ങളും സംഭാവനകളും കാഞ്ചി പീഠത്തിൽ നിന്നുണ്ടായി. നൂറ്റാണ്ടിലെ അത്യപൂർവ ചടങ്ങുകളാണ് കുംഭമേളയിൽ നടന്നതെന്നും അദ്ദേഹം.