ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണ 12 എംപിമാരാണ് സ്വമേധയാ മാറി നിൽക്കുന്നത്. ബിജു ജനതാദൾ (ബിജെഡി), ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), ശിരോമണി അകാലിദൾ (എസ്എഡി) എന്നീ പാർട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചിരിക്കുന്നത്.
ബിജു ജനതാദൾ (ബിജെഡി)
ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിൽ നിന്നും ഇന്ത്യ പ്രതിപക്ഷ സഖ്യത്തിൽ നിന്നും ഒരേ ദൂരം പാലിക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ എംപിമാർ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തില്ലെന്ന് ഒഡീശ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ആണ് പ്രഖ്യാപിച്ചത്. ബിജെഡിക്ക് രാജ്യസഭയിൽ നിരഞ്ജൻ ബിഷി, സുലത ഡിയോ, മുസീബുള്ള ഖാൻ, സുഭാഷിഷ് ഖുണ്ഡിയ, മാനസ് രഞ്ജൻ മങ്കാരാജ്, സസ്മിത് പത്ര, ദേബാശിഷ് സമാന്തരേ എന്നീ ഏഴ് എംപിമാരാണുള്ളത്. ലോക്സഭയിൽ ബിജെഡിക്ക് എംപിമാർ ഇല്ല.
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)
സംസ്ഥാനത്ത് കർഷകർ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നുവെന്നാണ് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യൂറിയ വേണ്ടത്ര ലഭ്യമാകുന്നില്ലെന്ന് കഴിഞ്ഞ ഇരുപതു ദിവസമായി നിരന്തരമായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ അറിയിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിച്ചിട്ടില്ലെന്ന് ബിആർഎസ് പറയുന്നു. സംസ്ഥാനത്തെ 71 ലക്ഷം വരുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്നും റാവു പറഞ്ഞു. ബിആർഎസിന് രാജ്യസഭയിൽ ദാമോദർ റാവു ദിവാക്കോണ്ട റെഡ്ഡി, ബി. പാർഥസാരഥി റെഡ്ഡി, കെ.ആർ. സുരേഷ് റെഡ്ഡി, രവി ചന്ദ്ര വഡ്ഡിരാജു എന്നീ നാല് എംപിമാരാണുള്ളത്. ലോക്സഭയിൽ ബിആർഎസിന് പ്രാതിനിധ്യമില്ല.
ശിരോമണി അകാലിദൾ
പഞ്ചാബിൽ പ്രളയമുണ്ടായ സമയത്ത് അധികാരത്തിലുണ്ടായിരുന്ന ആം ആദ്മി പാർട്ടിയോ കേന്ദ്ര സർക്കാരോ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദൾ (എസ്എഡി) വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നത്. രാജ്യത്തിന് എപ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ അന്നൊക്കെ പഞ്ചാബ് രാജ്യത്തിനൊപ്പം നിന്നു. എന്നാൽ പഞ്ചാബിനൊരു പ്രശ്നമുണ്ടായപ്പോൾ ഒറ്റയ്ക്ക് നേരിടേണ്ടി വന്നുവെന്നാണ് എസ്എഡി ആരോപിക്കുന്നത്. മുൻ കേന്ദ്ര മന്ത്രി കൂടിയായ ഹർസിമ്രാട്ട് കൗർ ബദലാണ് ശിരോമണിയുടെ ഏക എംപി.
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് രാജ്യത്ത് വീണ്ടുമൊരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപി സ്ഥാനാർഥിയായി സി പി രാധാകൃഷ്ണനും ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്.