നഴ്സുമാരുടെ ആരോഗ്യനില അതീവ ഗുരുതരം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 2 ആരോഗ്യപ്രവർത്തകരെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നഴ്സിനെ പരിചരിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.
രോഗബാധിതരായ നഴ്സുമാരായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ, ഡോക്റ്റർമാർ, നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി 120 ഓളം പേരെ കണ്ടെത്തി ഐസൊലേഷനില് പ്രവേശിപ്പിച്ചു.
നിപ ബാധിച്ച രണ്ട് നഴ്സുമാരെയും ബെലിയാഗട്ട ഇൻഫക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
വെന്‍റിലേറ്ററിൽ കഴിയുന്ന നഴ്സുമാരില് ഒരാൾ കോമയിലാണെന്നും മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനം നിപയെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് പശ്ചിമബംഗാൾ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള് 2 നഴ്സുമാർക്കാണ് തിങ്കളാഴ്ച നിപ സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ മരിച്ചിരുന്നു. ഇയാൾക്ക് നിപ രോഗലക്ഷണമുണ്ടായിരുന്നു, ഇയാളിൽ ഇവർക്ക് വൈറസ് പകർന്നതായിരിക്കുമെന്നാണ് നിഗമനം.