വനിത ഡോക്‌ടറുടെ കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി 
India

വനിത ഡോക്‌ടറുടെ കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി; ബംഗാൾ സർക്കാരിന് രൂക്ഷ വിമർശനം

'കൊലപാതകത്തിനു പിന്നാലെ ആർജികർ മെഡിക്കൽ കോളെജിൽ നിന്നും രാജിവച്ച സന്ദീപ് ഘോഷ് എങ്ങനെയാണ് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളെജിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്'

Namitha Mohanan

കൊൽ‌ക്കത്ത: ബംഗാളിലെ ആർജികർ മെഡിക്കൽ കോളെജിലെ വനിത ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഉടൻ സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബമടക്കം നിരവധി ഹർജിക്കാർ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംഭവത്തിൽ എന്തുകൊണ്ടാണ് ആദ്യം തന്നെ കൊലപാതക കേസ് രജിസ്റ്റർ ചെയ്യാത്തതെന്നും അസ്വഭാവിക മരണമെന്നു പോലും രേഖപ്പെടുത്താത്തതെന്താണെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ആർജികർ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ‌ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത് പ്രിൻസിപ്പലിനെയായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊലപാതകത്തിനു പിന്നാലെ ആർജികർ മെഡിക്കൽ കോളെജിൽ നിന്നും രാജിവച്ച സന്ദീപ് ഘോഷ് എങ്ങനെയാണ് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളെജിൽ പ്രിൻസിപ്പലായി ചുമതലയേറ്റതെന്നും സർക്കാർ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എന്തിനാണ് പ്രിൻസിപ്പലിനെ സംരക്ഷിക്കുന്നത്. പ്രിൻസിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തണം. അറിയാവുന്ന കാര്യങ്ങൾ അദ്ദേഹം പറയട്ടെ എന്നും കോടതി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധന​ഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പൊലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പൊലീസ് മുൻ വൊളന്‍റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം