തസ്‌ലിമ നസ്റിൻ
കോൽക്കത്ത: 19 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശി എഴുത്തുക്കാരി തസ്‌ലിമ നസ്റിൻ കോൽക്കത്തയിലേക്ക്. ഓഗസ്റ്റ് 1ന് രബിന്ദ്ര സദനിൽ വച്ചു നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് തസ്‌ലിമ എത്തുന്നത്.
പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. മതമൗലികവാദികളുടെ പ്രതിഷേധത്തെത്തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് തസ്‌ലിമയ്ക്ക് ബംഗാൾ വിടേണ്ടി വന്നത്.
തുടർന്ന് ഇന്ത‍്യയിലെത്തിയ തസ്‌ലിമ 1994 മുതൽ കോൽക്കത്തയിൽ താമസം ആരംഭിച്ചെങ്കിലും സമാന സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങിയതോടെ കോൽക്കത്തയും വിടേണ്ടി വന്നു.
പിന്നീട് ഡൽഹിയിലെത്തിയ തസ്‌ലിമ സ്വീഡൻ പൗരത‍്വം നേടി യൂറോപ്പിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ തസ്‌ലിമയെ കോൽക്കത്തയിലെത്തിക്കാൻ വിവിധ സംഘടനകൾ ശ്രമിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗാളിലെ ഇടതുപക്ഷ സർക്കാരും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരും അനുമതി നൽകാൻ തയാറായിരുന്നില്ല. സെക്കുലർ മിഷൻ, ഹ‍്യൂമൻ റൈറ്റ്സ് ബീയോണ്ട് ഫ്രോണ്ടിയേഴ്സ് എന്നിവ അടക്കം മൂന്ന് സംഘടനകൾ നടത്തുന്ന സാഹിത‍്യോത്സവത്തിൽ അവർ പങ്കെടുക്കും.