യോഗി ആദിത‍്യനാഥ്
ന‍്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ് നിർദേശം നൽകി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ അതാത് ജില്ലകളിൽ പരിശോധന നടത്തണമെന്നും കുടിയേറ്റക്കാർ, നിയമം ലംഘിച്ച് രാജ‍്യത്ത് തുടരുന്ന ഇതര രാജ‍്യങ്ങളിലെ പൗരന്മാർ എന്നിവരെ തിരിച്ചറിയുകയും അവർക്കെതിരേ നടപടി സ്വീകരികണമെന്നുമാണ് മുഖ‍്യമന്ത്രിയുടെ നിർദേശത്തിൽ പറയുന്നത്.
ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക‍്യം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും സംസ്ഥാനത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനവും അനുവദിക്കില്ലെന്നും മുഖ‍്യമന്ത്രി പറഞ്ഞു. പരിശോധന പൂർത്തിയാകുന്നതു വരെ കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ച് നടപടികൾ പൂർത്തിയായതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.