യുഎഇയിൽ ഇതുവരെ നടത്തിയത് 172 ക്ലൗഡ് സീഡിങ്: മഴ 25 ശതമാനം വരെ വർധിപ്പിക്കുക ലക്ഷ്യം

 
Pravasi

യുഎഇയിൽ ഇതുവരെ നടത്തിയത് 172 ക്ലൗഡ് സീഡിങ്: മഴ 25 ശതമാനം വരെ വർധിപ്പിക്കുക ലക്ഷ്യം

2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലത്ത് രാജ്യവ്യാപകമായി 4.3 മില്ലിമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂവെന്ന് എൻ സിഎം വ്യക്തമാക്കി

ദുബായ്: യുഎഇയിൽ മഴ 10 മുതൽ 25 ശതമാനം വരെ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം ഇതുവരെ ദേശിയ കാലാവസ്ഥാ വകുപ്പ് ഇതുവരെ 172 ക്ലൗഡ് സീഡിങ് നടത്തി.

ജെറ്റ് എഞ്ചിനുകൾ ഉപയോഗിച്ച് ലംബമായ വായുപ്രവാഹങ്ങൾ സൃഷ്ടിക്കുന്നതും മേഘ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നതിന് ലേസർ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.

പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആപ്ലിക്കേഷനുകളുടെയും ഉപഗ്രഹ ചിത്രങ്ങൾ, റഡാർ എന്നിവയുടെയും പിന്തുണയോടെ ആറ് മണിക്കൂർ മുമ്പേ മേഘങ്ങളുടെ സ്വഭാവം പ്രവചിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലത്ത് രാജ്യവ്യാപകമായി 4.3 മില്ലിമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂവെന്ന് എൻസിഎം വ്യക്തമാക്കി. കഴിഞ്ഞ ശൈത്യകാലത്ത് രേഖപ്പെടുത്തിയ 48.7 മില്ലിമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മഴയുടെ അളവ് കുത്തനെ കുറഞ്ഞു.

ഈ സീസണിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജനുവരി 14 ന് ജബൽ ജൈസിൽ 20.1 മില്ലിമീറ്ററായിരുന്നു. ജനുവരിയിൽ ഏറ്റവും ഉയർന്ന പ്രതിമാസ മഴ 21.4 മില്ലിമീറ്ററും അവിടെ രേഖപ്പെടുത്തി.

എന്നാൽ 2024 സീസണിലെ ഏറ്റവും ഉയർന്ന പ്രതിദിന മഴ ഫെബ്രുവരി 12 ന് അൽ ഐനിലെ യുഎഇ സർവകലാശാലയിൽ രേഖപ്പെടുത്തിയത് 167.1 മില്ലിമീറ്ററായിരുന്നു. ഫെബ്രുവരിയിൽ ഉമ്മൽ ഗാഫിൽ ഏറ്റവും ഉയർന്ന പ്രതിമാസ മഴ തോതായ 227.9 മില്ലിമീറ്റർ രേഖപ്പെടുത്തി.

ലാ നിന കാലാവസ്ഥാ പ്രതിഭാസത്തിന്‍റെ സ്വാധീനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രാദേശിക മർദ്ദ സംവിധാനങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

നിലവിലെ ക്ലൗഡ്-സീഡിംഗ് സാങ്കേതിക വിദ്യകളിൽ പ്രത്യേക വിമാനങ്ങൾ, പ്രകൃതിദത്ത ലവണങ്ങളും നവീന നാനോ സാമഗ്രികളും അടിസ്ഥാനമാക്കിയുള്ള നൂതന സീഡിംഗ് ഏജന്റുകൾ, മേഘങ്ങളിലേക്ക് വൈദ്യുത ചാർജുകൾ എത്തിക്കുന്നതിനുള്ള ചാർജ് എമിറ്ററുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് എൻസിഎം വ്യക്തമാക്കി.

ഓൺലൈനിലൂടെയുളള മദ്യ വില്പന അംഗീകരിക്കാതെ സർക്കാർ

കാറും ലോറിയും കൂട്ടിയിടിച്ച് ബൈസൺ വാലി സ്വദേശിക്ക് ദാരുണാന്ത്യം

തുർക്കി ഭൂചലനം: ഒരു മരണം, 29 പേർക്ക് പരുക്ക്

റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല; അടിയന്തര ലാൻഡിങ്ങിൽ വിശദീകരണവുമായി എയർ ഇന്ത്യ

ഷാർജയിൽ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു