നികുതി നിയമലംഘനം: യുഎഇയിൽ 23 കമ്പനികൾക്ക് ആറ് ലക്ഷം ദിർഹം പിഴ
ദുബായ്: യുഎഇയിൽ നികുതി നിയമലംഘനം നടത്തിയ 23 കമ്പനികൾക്ക് ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി 6,10,000 ദിർഹം പിഴ ചുമത്തി. 2017 ലെ കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് റെഗുലേഷൻസും 2022 ലെ ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് റെഗുലേഷനും പാലിക്കാത്തതിനാണ് അതോറിറ്റി നടപടി സ്വീകരിച്ചത്.
റിസ്ക് അസസ്‌മെന്‍റുകൾ നടത്തുക, ആവശ്യമായ വാർഷിക വിവര റിട്ടേണുകൾ സമർപ്പിക്കുക എന്നിവയിലും കമ്പനികൾ വീഴ്ച വരുത്തിയതായി അധികൃതർ കണ്ടെത്തി.
ആഗോള നികുതി സുതാര്യത ഉറപ്പുവരുത്തുന്നതിനായി സാമ്പത്തിക അക്കൗണ്ട് ഡാറ്റയുടെ സ്വാഭാവിക കൈമാറ്റം സാധ്യമാക്കുന്നതിന് യുഎഇ മറ്റ് രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ ഗുരുതരമായ ലംഘനങ്ങളും ദുരുപയോഗങ്ങളും കണ്ടെത്തിയതിനെത്തുടർന്ന്, ഹെയ്‌വൻ ഗ്രൂപ്പ് ഓഫ് കമ്പനീസിനും അതിന്‍റെ മുൻ സിഇഒ ക്രിസ്റ്റഫർ ഫ്ലിനോസിനും അനുബന്ധ സ്ഥാപനങ്ങൾക്കും എഫ്‌എസ്‌ആർഎ വൻ തുക പിഴ ചുമത്തിയിരുന്നു.
സാമ്പത്തിക സുതാര്യതയും വിവര കൈമാറ്റത്തിനായുള്ള ആഗോള കരാറുകളിലെ വ്യവസ്ഥകളും പാലിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാവുന്നതെന്ന് അതോറിറ്റി സിഇഒ ഇമ്മാനുവൽ ഗിവാനാക്കിസ് പറഞ്ഞു.