സിറിയയ്ക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ; സംയുക്ത പ്രസ്താവന പുറത്തിറക്കി വിദേശകാര്യ മന്ത്രിമാർ
അബുദാബി: ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ സിറിയയ്ക്ക് പിന്തുണയുമായി അറബ് രാജ്യങ്ങൾ. യുഎഇ, ജോർദാൻ, ബഹ്‌റൈൻ, തുർക്കി, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ഖത്തർ, കുവൈത്ത്, ലബനാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സിറിയക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. സിറിയൻ വിഷയത്തെക്കുറിച്ച് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കൂടിയാലോചന നടത്തി.
സിറിയയുടെ സുരക്ഷ, ഐക്യം, സ്ഥിരത, പരമാധികാരം എന്നിവയ്ക്കുള്ള പിന്തുണ ഈ രാജ്യങ്ങൾ അറിയിച്ചു. ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. സുവൈദ ഗവർണറേറ്റിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കരാറിനെ അറബ് രാജ്യങ്ങൾ സ്വാഗതം ചെയ്തു.
സിറിയയ്‌ക്കെതിരേ തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ വിദേശ കാര്യ മന്ത്രിമാർ ശക്തമായി അപലപിച്ചു. അധിനിവേശ സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേലിന്‍റെ പൂർണ പിൻവാങ്ങൽ ഉറപ്പാക്കാനും, സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇസ്രയേൽ നടത്തുന്ന ഇടപെടലുൾ അവസാനിപ്പിക്കാനും 2766-ാം പ്രമേയവും 1974ലെ വിഛേദിക്കൽ കരാറും നടപ്പാക്കാനും ഐക്യ രാഷ്ട്ര സഭ സുരക്ഷാ കൗൺസിലിനോട് അറബ് രാജ്യങ്ങൾ അഭ്യർഥിച്ചു.