ദുബായ്: ജിസിസിയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ഭാഗമായ യുഎഇ ആസ്റ്റർ ഹോസ്പിറ്റൽസിന് എമിറേറ്റ്‌സ് ഇന്‍റർനാഷണല്‍ അക്രഡിറ്റേഷന്‍ സെന്‍ററിന്‍റെ അക്രഡിറ്റേഷൻ ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന യുഎഇയിലെ ആദ്യ ആശുപത്രി ഗ്രൂപ്പാണിത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ മന്‍ഖൂല്‍, ആസ്റ്റര്‍ സെഡാര്‍ ഹോസ്പിറ്റല്‍ ജബല്‍ അലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിന, ആസ്റ്റര്‍ ഡേ സര്‍ജറി സെന്‍റർ അല്‍ മന്‍ഖൂല്‍ എന്നിവയാണ് ലോക രോഗി സുരക്ഷാ ദിനത്തില്‍ നല്‍കുന്ന ഈ ബഹുമതിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ലയുടെ സാന്നിധ്യത്തില്‍ ഇഐഎസി സിഇഒ ആമിന അഹമ്മദ് മുഹമ്മദ് അക്രഡിറ്റേഷന്‍ സമ്മാനിച്ചു. ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയറിന്‍റെ (ISQua) അന്താരാഷ്ട്ര അംഗീകാരമുളള EIAC അക്രഡിറ്റേഷന്‍ ലഭിച്ചത് ആസ്റ്ററിന്‍റെ മികവിനുള്ള സാക്ഷ്യമാണെന്ന് അധികൃതർ പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2015-ല്‍ സ്ഥാപിച്ച ദുബായിലെ സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ സംവിധാനമാണ് ഇഐഎസി.
ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ആധികാരികത, വിശ്വാസ്യത, മികച്ച ഗുണനിലവാരം എന്നിവ ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.