സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം.

 

Representative image

Pravasi

ബീച്ചുകളിലും പൂളുകളിലും ദുബായ് പൊലീസിന്‍റെ സുരക്ഷാ മുന്നറിയിപ്പ്

വേനൽ ചൂടിൽ കടലിലും പൂളുകളിലും കുട്ടികളുടെ ‘നിശബ്ദ മുങ്ങിമരണം’ വർധിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്ക് കർശന ജാഗ്രത നിർദേശിച്ച് ദുബായ് പോലീസ്

UAE Correspondent

ദുബായ്: വേനൽക്കാലം കനത്തതോടെ കടലിലും നീന്തൽക്കുളങ്ങളിലും കുട്ടികൾ ഇറങ്ങുന്നത് വർധിച്ച സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങളുമായി ദുബായ് പോലീസ് രംഗത്തെത്തി. അശ്രദ്ധ കാരണം ഉണ്ടാകാനിടയുള്ള അപകടങ്ങളും മുങ്ങിമരണങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും കുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ ഭൂരിഭാഗവും 'നിശബ്ദ മുങ്ങിമരണം' മൂലമാണ് ഉണ്ടാകുന്നത് എന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. സാധാരണയായി കുട്ടികൾ വെള്ളത്തിൽ മുങ്ങുമ്പോൾ സിനിമകളിൽ കാണുന്നത് പോലെ ബഹളം വെക്കുകയോ കൈകാലുകൾ ഇട്ടടിച്ച് നിലവിളിക്കുകയോ ചെയ്യില്ല.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതിനാൽ അവർ വളരെ പെട്ടെന്ന് നിശബ്ദമായി വെള്ളത്തിനടിയിലേക്ക് താണുപോകുകയാണ് ചെയ്യുക. മാതാപിതാക്കളുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരം വലിയ അപകടങ്ങൾ സംഭവിക്കുന്നത്.

കുട്ടികളുടെ സുരക്ഷയ്ക്കായി പാലിക്കേണ്ട കാര്യങ്ങൾ

  • കുട്ടികൾ വെള്ളത്തിൽ കളിക്കുമ്പോൾ മാതാപിതാക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരെ നിരന്തരം നിരീക്ഷിക്കണം.

  • ചെറിയ കുട്ടികളാണെങ്കിൽ, മാതാപിതാക്കളുടെ കൈയെത്തുന്ന ദൂരത്ത് മാത്രമേ അവരെ വെള്ളത്തിൽ വിടാവൂ.

  • കുട്ടികളെക്കൊണ്ട് സുരക്ഷാ ട്യൂബുകളോ ലൈഫ് ജാക്കറ്റുകളോ കൃത്യമായി ധരിപ്പിക്കുക.

  • മുതിർന്നവരുടെ വലിയ പൂളുകളിൽ കുട്ടികളെ ഇറക്കാതെ, അവർക്കായി നിശ്ചയിച്ചിട്ടുള്ള ചെറിയ പൂളുകൾ മാത്രം ഉപയോഗിക്കുക.

മുതിർന്നവർക്കുള്ള പൊതുവായ സുരക്ഷാ നിർദേശങ്ങൾ

  • ബീച്ചുകളിൽ ചുവന്ന കൊടി ഉയർത്തിയിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും കടലിൽ ഇറങ്ങരുത്. ഇത് കടലാക്രമണ സാധ്യതയെയോ ശക്തമായ അടിത്തൊഴുക്കിനെയോ ആണ് സൂചിപ്പിക്കുന്നത്.

  • കടലിൽ ബോട്ടിങ്ങിനോ മറ്റ് ജലവിനോദങ്ങൾക്കോ പോകുന്നവർ കൃത്യമായി ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണം.

  • സൂര്യാസ്തമയത്തിന് ശേഷം കടലിൽ നീന്താൻ ഇറങ്ങുന്നത് ദുബായ് പോലീസ് പൂർണമായും വിലക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് കാരണം ഈ സമയത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കും.

  • ലൈഫ് ഗാർഡുമാരുടെ സേവനമുള്ള നിശ്ചിത ബീച്ചുകളിൽ മാത്രം നീന്താൻ ഇറങ്ങുക. ആളൊഴിഞ്ഞതോ സുരക്ഷിതമല്ലാത്തതോ ആയ തീരങ്ങൾ പൂർണമായും ഒഴിവാക്കുക.

  • പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ബീച്ചുകളിൽ ദുബായ് പോലീസിന്‍റെ പ്രത്യേക പട്രോളിങ് സംഘത്തെയും അത്യാധുനിക ലൈഫ് ഗാർഡ് സംവിധാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

  • അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിന്‍റെ അടിയന്തര സഹായ നമ്പറായ 999 എന്ന നമ്പറിലോ മറൈൻ റെസ്ക്യൂ വിഭാഗവുമായോ ഉടൻ ബന്ധപ്പെടാം.

അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും 3 ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; മുഖ്യമന്ത്രിയെ കണ്ട് സമസ്ത പ്രതിനിധികൾ

ജന്മദിനത്തിൽ നടുറോഡിൽ ഭാര്യയെ വെടിവച്ച് കൊന്ന് പൊലീസുകാരൻ; സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമെന്ന് കുടുംബം

കൈക്കൂലി ആരോപണം: കശ്മീർ മുഖ്യമന്ത്രിക്ക് ബിജെപിയുടെ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി നൽകണം