എഫ്‌സിഎൽ ലോയേഴ്സ് ഓഫിസ് അടുത്ത വർഷം ദുബായിൽ തുടങ്ങും
ദുബായ്: മെൽബൺ, സിഡ്നി, ബ്രിസ്ബേൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രമുഖ നിയമ സ്ഥാപനങ്ങളിലൊന്നായ എഫ്‌സിഎൽ ലോയേഴ്സ് അടുത്ത വർഷം ജനുവരിയിൽ ദുബായിൽ പുതിയ ഓഫിസ് ആരംഭിക്കുമെന്ന് മാനേജ്‌മന്‍റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുഎഇ ഉൾപ്പെടെയുള്ള മിഡിലീസ്റ്റിലെ പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഓസ്‌ട്രേലിയയിലെ നിയമ സേവനങ്ങൾ സുഗമമായും സുതാര്യമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായിൽ ഓഫിസ് തുടങ്ങുന്നതെന്ന് ലോയേഴ്സ് ഡയറക്റ്ററും പ്രിൻസിപ്പൽ ലോയറുമായ താര സുജിത്‌കുമാർ പറഞ്ഞു. കോർപ്പറേറ്റ് ലോ, മേഴ്ജർസ് ആൻഡ് അക്ക്വിസിഷൻസ്, എംപ്ലോയ്മെന്‍റ് ലോ, ഫാമിലി ലോ, പ്രോപ്പർട്ടി ലോ, ഇന്‍റലക്ച്വൽ പ്രോപ്പർട്ടി എന്നീ മേഖലകളിലാണ് സേവനം നൽകുകയെന്നും അവർ വ്യക്തമാക്കി.
യുഎഇയിലെ പ്രവാസികളും സംരംഭകരും നേരിടുന്ന പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് പറഞ്ഞു. ദുബായ് ഓഫിസ് ഗ്രൂപ്പിന്‍റെ വികസന പദ്ധതികളുടെ തുടക്കമാണ്.
2026 മധ്യത്തോടെ മിഡിൽ ഈസ്റ്റിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഗ്രൂപ്പ് തയാറെടുക്കുകയാണെന്ന് റോണി ജോസഫ് അറിയിച്ചു. ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ ഡയറക്റ്റർ റോബി ജോസഫ്, ഫ്ലൈവേൾഡ് യുകെ ഡയറക്റ്റർ ടിൻസ് അബ്രാഹം, മിഡിലിസ്റ്റ് റീജിയണൽ ഹെഡ് ഡാനിയൽ ജോണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.