അബുദാബിയിൽ അൽ ജസീറ ക്ലബ്ബിനായി പുതിയ സ്റ്റേഡിയം വരുന്നു
അബുദാബി: ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി അബുദാബിയിലെ അൽ ജസീറ ക്ലബ്ബിനായി നിർമിക്കുന്ന പുതിയ സ്‌റ്റേഡിയത്തിന്‍റെ രൂപരേഖയും മാസ്റ്റർ പ്ലാനും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിലയിരുത്തി. സായിദ് സിറ്റിയിലായിരിക്കും പുതിയ സ്റ്റേഡിയം നിർമിക്കുന്നത്.
24,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിട്ടുള്ളത്. ഇത് 30,000 പേർക്ക് വരെയായി വികസിപ്പിക്കാൻ സാധിക്കും. 2026-ൽ പദ്ധതിയുടെ നിർമാണം ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ മേൽ നോട്ടത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പൂർണമായും ശീതീകരിച്ച ഇരിപ്പിടങ്ങൾ, പ്രധാന വേദിയുടെ ഉള്ളിലേക്കും പുറത്തേയ്ക്കും നീക്കാനാകുന്ന പിച്ച് എന്നിവ സ്‌റ്റേഡിയത്തിൽ ഉണ്ടാകും. കാണികൾക്കായി പ്രത്യേക ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ഒരുക്കും. പരിപാടി ഇല്ലാത്ത സമയങ്ങളിലും പ്രവർത്തിക്കുന്ന റസ്റ്ററന്‍റുകളും ലോഞ്ചുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. കായിക മത്സരങ്ങൾ, ആഘോഷ പരിപാടികൾ, മറ്റ് പൊതു കൂടിച്ചേരലുകൾ തുടങ്ങി വർഷം മുഴുവനും വിവിധ പരിപാടികൾ നടത്താൻ സാധിക്കുന്ന വിധമാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്.
ഖസ്ർ അൽ ബഹ്‌റിൽ നടന്ന പദ്ധതി അവതരണത്തിൽ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, വ്യവസായ - നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, പ്രസിഡന്‍റിന്‍റെ സ്ട്രാറ്റജിക് അഫയേഴ്സ് ഓഫിസ് ചെയർമാനും അബുദാബി എക്‌സിക്യൂട്ടീവ് ഓഫിസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്‌സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ അൽ മുബാറക് എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.