ഒരു രൂപയ്ക്ക് വിദേശ വിസകളുമായി അറ്റ്‌ലിസ്
frepik.com
കൊച്ചി: ഇന്ത്യയുടെ യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടു വരാനൊരുങ്ങി വിസാ പ്രോസസ്സിങ് പ്ലാറ്റ്‌ഫോമായ അറ്റ്‌ലിസ്. ഇന്ത്യയിലെ ആദ്യത്തെ വിസ വില്‍പ്പനയായ 'അറ്റ്‌ലിസ് വണ്‍ വേ ഔട്ട്' ഓഗസ്റ്റ് 4നും 5നും നടത്തുമെന്ന് കമ്പനി അറിയിച്ചു.
ഈ രണ്ടു ദിവസങ്ങളില്‍ യുഎഇ, ബ്രിട്ടന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, ഹോങ്കോങ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള വിസകള്‍ക്ക് വെറും ഒരു രൂപയ്ക്കു അപേക്ഷിക്കാം. അതിനൊപ്പം, നേരിട്ട് അപോയിന്‍റ്മെന്‍റുകള്‍ ആവശ്യമായ അമെരിക്കയും ചില ഷെങ്കൻ രാജ്യങ്ങളും പോലുള്ള സ്ഥലങ്ങളിലേക്ക് ബുക്കിങ്ങുകളും ഒരു രൂപയ്ക്കു ലഭ്യമാകും.
യൂറോപ്യന്‍ കമ്മിഷനും കോണ്ടെ നാസ്റ്റ് ട്രാവലറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കാത്ത വിസാ ഫീസുകളിലൂടെ മാത്രം 664 കോടി രൂപ നഷ്ടപ്പെട്ടു. യാത്രാ പദ്ധതികളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക ഭാരമാണ് അറ്റ്‌ലിസ് കുറയ്ക്കാന്‍ ശ്രമിക്കുന്നത്.
'അറ്റ്‌ലിസ് വണ്‍ വേ ഔട്ട്' എന്ന ഈ വിസ വില്‍പ്പന യാഥാര്‍ത്ഥ്യത്തില്‍ വിദേശ യാത്രയ്ക്കുള്ള ചെലവ് കുറച്ച് കൂടുതല്‍ പേര്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വഴിയൊരുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വിസ പ്രക്രിയയിലെ ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യുകയാണ് അറ്റ്‌ലിസിന്‍റെ ലക്ഷ്യമെന്നും 'വണ്‍ വേ ഔട്ട്' വിസ വില്‍പ്പനയിലൂടെ തങ്ങള്‍ ആ ലക്ഷ്യത്തെ മറ്റൊരു നിലയിലേക്ക് കൊണ്ടു പോകുകയാണെന്നും അറ്റ്‌ലിസ് സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞു.
കഴിഞ്ഞ 60 ദിവസത്തിനിടയില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിസ സംബന്ധമായ തിരയലുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി അറ്റ്‌ലിസ് നിരീക്ഷിച്ചു. വിയറ്റ്‌നാം, ഇന്തോനേഷ്യ, ജോര്‍ജിയ, ബ്രിട്ടന്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള തിരയലുകള്‍ക്ക് മുമ്പത്തെ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം മുതല്‍ 44 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായത്.
ഈ വളര്‍ച്ചയ്ക്കു പ്രധാനമായും ആധാരമായത് ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലെ ഉപയോക്താക്കളാണ്, പ്രത്യേകിച്ച് ജെന്‍ സി, മില്ലേനിയൽ പ്രായവിഭാഗത്തിലുള്ളവർ. ഏറ്റവും കൂടുതല്‍ വിസ ഡിമാന്‍ഡ് ഉണ്ടായത് യുഎഇയിലേക്കാണ്, യുകെയും തൊട്ടു പിന്നിലുണ്ടായിരുന്നു.
വിദേശ യാത്രയ്ക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അറ്റ്‌ലിസിന്‍റെ ഒരു രൂപാ വിസ വില്‍പ്പനയുടെ ലക്ഷ്യം. ആദ്യമായാണ് യാത്ര ചെയ്യുന്നത് എന്ന ഭയം ഉള്ളവരും ബജറ്റ് യാത്രക്കാര്‍ക്ക് ചെലവിന്‍റെ തടസം ഒഴിവാക്കാനും ഈ പ്രത്യേക വില നയം രൂപപ്പെടുത്തിയിരിക്കുന്നു. മറ്റു മേഖലകളില്‍ സീസണല്‍ ഓഫറുകളിലൂടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതുപോലെ, അന്താരാഷ്ട്ര യാത്രയെക്കുറിച്ച് അനിശ്ചിതത്വം പേറുന്നവരെ ആകര്‍ഷിക്കാനാണ് ശ്രമം.