ചൂടുകാല പ്രതിരോധ പ്രവർത്തനങ്ങളുമായി കേരളത്തിലെ ഡോക്ടർമാരുടെ കൂട്ടായ്മ
ദുബായ്: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ & ഡെന്‍റൽ ഗ്രാജുവേറ്റ്സ് - എ. കെ.എം.ജി എമിറേറ്റ്സിന്‍റെ നേതൃത്വത്തിൽ ചൂടുകാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ബീറ്റ് ദ ഹീറ്റ് - ഹീറ്റ് സ്ട്രോക്ക് അവബോധ ക്യാമ്പെയ്‌ന് ജൂൺ 15 ന് തുടക്കമാവും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പെയ്ൻ ദുബായ് ഡി ഐ പി യിലെ പ്രോസ്കേപ്പ് ലേബർ ക്യാംപിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പബിത്ര കുമാർ മജുംദാർ ഉദ്ഘാടനം ചെയ്യും. ക്യാമ്പെയ്നിന്‍റെ ഭാഗമായി 15 ആഴ്ചകളിലായി യുഎഇയിലെ വിവിധ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും ബോധവത്കരണ പരിപാടി നടത്തും.
കടുത്ത വേനലിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം പോലെയുള്ള അപകട സാഹചര്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക, പ്രതിരോധ മാർഗങ്ങൾ നിർദേശിക്കുക,സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പെയ്ൻറെ പ്രധാന ലക്ഷ്യങ്ങൾ.
"ഈ ബോധവൽക്കരണ ക്യാമ്പെയ്‌ന് ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിന്തുണ ലഭിച്ചതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അത് ഈ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കൂടുതൽ വ്യാപനവും സ്വീകാര്യതയും നൽകും,”എകെഎംജി എമിറേറ്റ്സ് പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശി പറഞ്ഞു.
“യുഎഇ സർക്കാരിന്‍റെ സമൂഹ വർഷാചരണത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും
ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായകമാകും,”- ക്യാമ്പെയ്ൻ ചീഫ് ഓർഗനൈസർ ഡോ. നിത സലാം പറഞ്ഞു.