അബുദാബിയിൽ യാസ് ദ്വീപ് മുതൽ വിമാനത്താവളം വരെ നീളുന്ന പുതിയ ട്രാം
അബുദാബി: അബുദാബിയിൽ പുതിയ ട്രാം വരുന്നു. യാസ് ദ്വീപ് മുതൽ വിമാനത്താവളം വരെ നീളുന്ന ട്രാം വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കും. അബുദാബിയിൽ നടക്കുന്ന ‘ആഗോള റെയിൽ ഗതാഗത അടിസ്ഥാന സൗകര്യപ്രദർശന, സമ്മേളന’ത്തിലാണ് പദ്ധതി അബുദാബി ട്രാൻസ്പോർട് കമ്പനി(എ.ടി.ഡി) പ്രഖ്യാപിച്ചത്.
അബുദാബി ലൈറ്റ് റെയിൽ പദ്ധതിക്ക് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്‍റെയും അംഗീകാരം ലഭിച്ചതായും ഇത് മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും എ.ഡി.ടി അറിയിച്ചു.
ഓരോ അഞ്ചുമിനിറ്റിലും ട്രാം സർവീസുകൾ നടത്തും. 600യാത്രക്കാരെ വരെ ഉൾകൊള്ളാവുന്ന ട്രാമുകളാണ് സർവീസ് നടത്തുക.
ഈ വർഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന അർബൻലൂപ് പദ്ധതിയുമായും ട്രാമുകളെ ബന്ധിപ്പിക്കും. ഗതാഗതം മൂലമുണ്ടാകുന്ന കാർബൺ പുറന്തള്ളൽ കുറക്കാൻ ട്രാം സഹായിക്കും.
തടസ്സമില്ലാതെ വീട്ടിൽ നിന്ന് സ്കൂളിലേക്കും ജോലി സ്ഥലത്തേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് എ.ഡി.ടി സി.ഇ.ഒ സഈദ് സാലിം അൽ സുവൈദി പറഞ്ഞു.