അധിക സാമ്പത്തിക ബാധ്യതയും വിസ നടപടികൾക്കായി കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും ഒഴിവാകും.
FREEPIK.COM
ജർമനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി. ജർമൻ ചാൻസലറുടെ ഇന്ത്യൻ സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വഴി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഈ തീരുമാനം വലിയ ലാഭവും സൗകര്യവും നൽകും. എന്നാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ഈ അനുമതി മതിയാകില്ല.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സന്തോഷവാർത്ത. ജർമനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് നോൺ-ഷെങ്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (Type A) ആവശ്യമില്ല. ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് ഇന്ത്യ സന്ദർശിക്കുന്ന വേളയിലാണ് പ്രവാസി മലയാളി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ, ഇന്ത്യയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന ഹബുകൾ വഴി അമേരിക്കയിലേക്കോ കാനഡയിലേക്കോ ലണ്ടനിലേക്കോ പോകുന്നവർക്ക് പോലും ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. വിമാനത്താവളത്തിന് പുറത്തിറങ്ങുന്നില്ലെങ്കിലും ഏകദേശം 9,500 രൂപയോളം ചെലവാക്കി ഈ വിസ എടുക്കണമായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ അധിക സാമ്പത്തിക ബാധ്യതയും വിസ നടപടികൾക്കായി കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും ഒഴിവാകും.
ഈ ഇളവ് ലഭിക്കുന്നതിന് ചില പ്രത്യേക നിബന്ധനകൾ യാത്രക്കാർ പാലിക്കേണ്ടതുണ്ട്:
നോൺ-ഷെങ്കൻ യാത്രക്കാർക്ക് മാത്രം: ലണ്ടൻ, ന്യൂയോർക്ക്, ടൊറന്‍റോ തുടങ്ങിയ ഷെങ്കൻ പരിധിയിൽ വരാത്ത നഗരങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ ഇളവ്. എന്നാൽ പാരീസ്, റോം, ആംസ്റ്റർഡാം തുടങ്ങിയ ഷെങ്കൻ രാജ്യങ്ങളിലേക്ക് ജർമനി വഴി പോകുന്നവർക്ക് പഴയതുപോലെ വിസ ആവശ്യമാണ്.
വിമാനത്താവളത്തിന് പുറത്തിറങ്ങരുത്: യാത്രക്കാർ വിമാനത്താവളത്തിലെ ഇന്‍റർനാഷണൽ ട്രാൻസിറ്റ് ഏരിയയിൽ തന്നെ തുടരണം. ഇമിഗ്രേഷൻ കടന്ന് പുറത്തിറങ്ങാൻ അനുവാദമുണ്ടാകില്ല.
സമയപരിധി: കണക്ഷൻ വിമാനങ്ങൾ തമ്മിലുള്ള ഇടവേള 24 മണിക്കൂറിൽ താഴെയായിരിക്കണം.
നിശ്ചിത വിമാനത്താവളങ്ങൾ: ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ-ബ്രാൻഡൻബർഗ്, ഹാംബർഗ്, ഡസൽഡോർഫ് എന്നീ അഞ്ച് വിമാനത്താവളങ്ങളിലാണ് നിലവിൽ ട്രാൻസിറ്റ് സൗകര്യമുള്ളത്.
എന്തുകൊണ്ട് ഈ മാറ്റം?
ഇന്ത്യയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സുരക്ഷാ കാരണങ്ങളാൽ നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളെ ജർമനി ട്രാൻസിറ്റ് വിസ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും വിസ നടപടികൾ മൂലം ലുഫ്താൻസ പോലുള്ള വിമാനക്കമ്പനികൾക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.
ഈ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ജർമനി വഴി യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.