ഗതാഗത നിയമലംഘനം: അൽ ബർഷയിൽ നിന്ന് 656 സ്കൂട്ടറുകൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
ദുബായ്: കഴിഞ്ഞ വർഷം ഗതാഗത നിയമലംഘനം നടത്തിയ 656 സ്കൂട്ടറുകൾ അൽ ബർഷായിൽ നിന്ന് പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. വാർഷിക പരിശോധനയുടെ ഭാഗമായി ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ഷംസി, അൽ ബർഷ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയെ തുടർന്നാണ് ഈ സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ടത്.
അൽ ഷംസി, അൽ ബർഷ പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഗതാഗത അപകട മരണനിരക്ക്, കുറ്റകൃത്യ നിരക്കുകൾ എന്നിവ വിലയിരുത്തുകയും ചെയ്തു.
റോഡ് സുരക്ഷ വർധിപ്പിക്കുക, മോശം പെരുമാറ്റങ്ങൾ കുറയ്ക്കുക, സ്റ്റേഷന്‍റെ അധികാരപരിധിയിലെ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റുകൾ വഴി നിയമലംഘകരെ പിടികൂടുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ അൽ ഷംസി പരിശോധിച്ചു.
ഈ വർഷം ഏപ്രിലിൽ സൈക്ലിസ്റ്റുകളുടെയും ഇ-സ്‌കൂട്ടർ റൈഡേഴ്സിന്‍റെയും നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് പേഴ്‌സണൽ മൊബിലിറ്റി മോണിറ്ററിങ് യൂണിറ്റ് എന്ന പേരിൽ ഒരു പ്രത്യേക യൂണിറ്റ് ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പൊർട്ട് അതോറിറ്റിയും ദുബായ് പൊലീസും തമ്മിലുള്ള സഹകരണത്തിലൂടെ ആരംഭിച്ച ഈ യൂണിറ്റ്, ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന് മേൽനോട്ടം വഹിക്കുക, സൈക്ലിങ് പാതകളിലെ ഗതാഗതം നിയന്ത്രിക്കുക, സുരക്ഷിതമായ റൈഡിങ് രീതികളെക്കുറിച്ചുള്ള പൊതുജന അവബോധം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് നേതൃത്വം നൽകും.
കഴിഞ്ഞ വർഷം ദുബായിൽ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും മൂലമുണ്ടായ 254 അപകടങ്ങളിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 17 പേരുടെ പരുക്ക് ഗുരുതരമാണ്.