അൽ ഖസ്ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: ലൈസൻസ് സസ്പെൻഡ് ചെയ്‌തിരുന്ന കാലയളവിൽ ഇൻഷുറൻസ് ബിസിനസ് നടത്തുന്നതിന് ആവശ്യമായ നിബന്ധനകൾ പാലിക്കാത്തതിന്‍റെ പേരിൽ അൽ ഖസ്ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇൻഷുറൻസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 2023 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ (48) ലെ ആർട്ടിക്കിൾ 33 പ്രകാരമാണ് യുഎഇ സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചത്.
ഇൻഷുറൻസ് മേഖലയുടെയും യുഎഇ സമ്പദ് വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് നിഷ്‌കർഷിച്ചിട്ടുള്ള യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ എല്ലാ ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിലുള്ളവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നികുതി നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് മാർച്ചിൽ രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും അഞ്ച് ബാങ്കുകൾക്കും സെൻട്രൽ ബാങ്ക് 2.62 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു.
പ്രാദേശിക നിയമങ്ങളും അന്താരാഷ്ട്ര നിയന്ത്രണങ്ങളും പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.