യു.എ.ഇ യിലെ 34 സർവകലാശാലകളിൽനിന്നുള്ള ബിരുദത്തിന് സ്വയമേവ അംഗീകാരം
ദുബായ്: യു.എ.ഇ ആസ്ഥാനമായുള്ള 34 സർവകലാശാലകളിൽനിന്ന് ബിരുദം നേടുന്ന വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത സ്വയമേവ അംഗീകരിക്കപ്പെടുന്ന സംരംഭവുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം രംഗത്ത് വന്നു. 34 സർവകലാശാലകൾ ഓട്ടോമാറ്റിക് റെക്കഗ്നിഷൻ സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ ചേർന്നതായി മന്ത്രാലയം പ്രഖ്യാപിച്ചു. സീറോ ബ്യൂറോക്രസി’ സംവിധാനത്തെ സഹായിക്കുന്നതും ദേശീയ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമാണ് ഈ സംരംഭമെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സംവിധാനം ആരംഭിച്ചതിനുശേഷം 25,000ത്തിലധികം ബിരുദധാരികൾക്ക് ഈ സേവനം പ്രയോജനപ്പെട്ടുവെന്നും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്കോളർഷിപ്പുകൾക്ക് കീഴിൽ വിദേശത്ത് പഠിക്കുന്ന ഇമാറാത്തി വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ബിരുദാനന്തര പഠനത്തിലേക്കോ തൊഴിലിലേക്കോ ബിരുദധാരികൾക്ക് പ്രവേശനം വേഗത്തിലാക്കുന്നതിനും സംരംഭം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ ഡിജിറ്റൽ സംവിധാനം ഈ കാലതാമസം ഇല്ലാതാക്കുന്നു. പഠനം പൂർത്തിയാക്കിയ ഉടൻതന്നെ ബിരുദധാരികൾക്ക് അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും.