ശബരിമല സ്വർണക്കൊള്ള:സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം
കൊച്ചി: ശബരിമല ശ്രീകോവിലിന്‍റെ പഴയ വാതിലിന്‍റെയും പ്രഭാമണ്ഡലത്തിന്‍റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി അനുമതി നൽകി. ഡിവൈഎസ്പി, സിഐ എന്നിങ്ങനെ രണ്ട് പേരെ കൂടി എസ്ഐടിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും. എസ്ഐടിയുടെ പരിശോധന ചൊവ്വാഴ്ച സനിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്.
വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം.
ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇടക്കാല ഉത്തരവിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്. 2019 മാർച്ചിൽ പുതിയ വാതിലുകൾ പണിതതോടെ ശ്രീകോവിലിലെ പഴയ വാതിലുകൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ വെച്ചിരിക്കുകയാണ്. 1998 ൽ സ്വർണം പൊതിഞ്ഞ വാതിലും പ്രഭാമണ്ഡലവുമാണ് സ്ട്രോങ് റൂമിലുള്ളത്. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്താനാണ് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകിയത്. വാതിലും, പ്രഭാമണ്ഡലവും പരിശോധിച്ച് സ്വർണം പൊതിഞ്ഞത് സംബന്ധിച്ച് കണക്കെടുക്കും. കേസിൽ മൂന്ന് പേരുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ 16 പ്രതികളിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കൂടാതെയാണ് മറ്റ് മൂന്നുപേരുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിഎസ്എസ് സി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യങ്ങളെല്ലാം നിർദേശിച്ചത്. 1998ൽ സ്വർണം പൊതിഞ്ഞത് 2019ൽ ഇളക്കി മാറ്റി എന്നത് വിഎസ്എസ് സി റിപ്പോർട്ട് കൂടി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി. കെമിക്കൽ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരുടെ വിശദമായ മൊഴി രേഖപ്പെടുത്തും