ഇസ്രയേൽ ഊർജമന്ത്രി ഏലി കോഹൻ

 

file photo

World

ഇറാന്‍റെ വിതരണ ശൃംഖല തകർക്കുമെന്ന് ഇസ്രയേൽ ഊർജമന്ത്രി

ചെറിയ പോരാട്ടങ്ങൾക്ക് പകരം ഇറാന്‍റെ ഭീഷണി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുന്ന ഒരു നിർണായക വിജയമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്

Reena Varghese

ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ ഊർജമന്ത്രി ഏലി കോഹൻ.ഇറാന്‍റെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരേ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധത്തിന്‍റെ സ്വഭാവം മാറ്റിയെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ ഇതിലും വലിയ സൈനിക നീക്കങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രേയലിലെ റേഡിയോ 103 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇറാന് കനത്ത പ്രത്യാഘാതങ്ങളുണ്ടാകും എന്ന സൂചന നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കാൻ സഹായിക്കുന്ന എല്ലാ സൈനിക ലക്ഷ്യങ്ങളും ഇസ്രയേലിന്‍റെ പട്ടികയിൽ ഉണ്ടെന്നും കോഹൻ പറഞ്ഞു. വെറുമൊരു തിരിച്ചടിയല്ല മറിച്ച് ഇറാന്‍റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് ഇസ്രേയൽ ലക്ഷ്യമിടുന്നത്.

യുദ്ധത്തിന്‍റെ ദൈർഘ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഇസ്രേയൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി. ഓരോ വർഷവും ആവർത്തിക്കുന്ന ചെറിയ പോരാട്ടങ്ങൾക്ക് പകരം ഇറാന്‍റെ ഭീഷണി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുന്ന ഒരു നിർണായക വിജയമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്.

യുദ്ധഭൂമിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇസ്രയേൽ തങ്ങളുടെ തന്ത്രങ്ങൾ പരിഷ്കരിക്കുന്നുണ്ടെന്നും ലക്ഷ്യം കാണുന്നതു വരെ പിന്മാറില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാന്‍റെ വരുമാനമാർഗമായ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇസ്രയേൽ ഈ കർക്കശ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം വരും മണിക്കൂറുകളിൽ കൂടുതൽ രൂക്ഷമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!