പാക് സ്കൂളുകളിൽ ഓപ്പറേഷൻ സിന്ദൂറിനെതിരെ നുണപാഠങ്ങൾ
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍റെ പിന്തുണയോടെ ഭീകരർ പഹൽഗാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം പാക് മണ്ണിൽ താണ്ഡവമാടിയ സംഭവത്തെ ലഘൂകരിച്ചും പാക്കിസ്ഥാൻ വിജയം നേടിയെന്നു കാട്ടിയും പാക്കിസ്ഥാനിലെ വിദ്യാർഥികൾക്ക് പാഠഭാഗം. ഇരു രാജ്യങ്ങളും തമ്മിൽ നാലു ദിവസം ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പാക്കിസ്ഥാനിലെ തെറ്റായ വിവരങ്ങളാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചരിത്രം മാറ്റിയെഴുതാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ തങ്ങളുടെ സ്കൂൾ പാഠപുസ്തകങ്ങളിൽ ചെറു യുദ്ധത്തിന്‍റെ ഒരു വികലമായ പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയാണ് ആക്രമണത്തിനു പ്രേരണ നൽകിയതെന്നും പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ വ്യോമതാവളങ്ങൾ നശിപ്പിച്ചു എന്നും പാക്കിസ്ഥാൻ യുദ്ധത്തിൽ വിജയിച്ചെന്നും പാഠഭാഗത്ത് പറയുന്നു. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്നത് വ്യാജമായ ആരോപണമാണെന്നാണ് പാഠപുസ്തകത്തിൽ പറയുന്നത്.
പാക് സായുധ സൈന്യം ഇന്ത്യൻ അധിനിവേശ കശ്മീരിലെ നിരവധി ഇന്ത്യൻ സൈനിക പോസ്റ്റുകൾ നശിപ്പിച്ചതായും പാഠഭാഗത്ത് പറയുന്നു. എന്നാൽ യാഥാർഥ്യം മറിച്ചാണ്. പാക്കിസ്ഥാൻ ഇന്ത്യയിലേയ്ക്ക് ഡ്രോൺ ആക്രമണം നടത്തിയതിന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ലാഹോറിലെ പാക്കിസ്ഥാന്‍റെ എച്ച് ക്യു-9 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തുടച്ചു നീക്കുകയും സിയാൽകോട്ടിലും ഇസ്ലാമബാദിലും വൻ ആക്രമണം നടത്തുകയും ചെയ്തു.
ഇന്ത്യൻ വ്യോമ താവളങ്ങൾ ഉൾപ്പടെ 26 തന്ത്ര പ്രധാന സ്ഥലങ്ങൾ പാക്കിസ്ഥാൻ വ്യോമസേന ലക്ഷ്യം വച്ചു. അതിന്‍റെ നിരവധി പ്രധാന സ്ഥാപനങ്ങൾ നശിപ്പിച്ചെന്നുമാണ് പാഠപുസ്തകത്തിൽ പറയുന്ന മറ്റൊരു കള്ളം. എന്നാൽ ഇന്ത്യൻ വ്യോമതാവളത്തിനു നേരെ വന്ന ഡ്രോണുകൾ നിലത്തു പതിക്കും മുമ്പേ തകർത്ത ഇന്ത്യൻ സൈന്യം മുരിദ്, നൂർ ഖാൻ, റഫീഖി, സർഗോധ, ചക്ലാല, റഹിം യാർഖാൻ തുടങ്ങിയ പാക് വ്യോമ താവളങ്ങളിൽ വൻ ആക്രമണവും നടത്തി. കൂടാതെ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ ആസ്ഥാനമായ റാവൽപിണ്ടിയിലും ആക്രമണം നടത്തി. ഇക്കാര്യങ്ങൾ ഇന്ത്യൻ സേന പത്ര സമ്മേളനത്തിൽ വ്യക്തമായി കാട്ടിക്കൊടുത്തിട്ടുമുണ്ട്.
കനത്ത നഷ്ടങ്ങൾ നേരിട്ടതിനെ തുടർന്ന് ഇന്ത്യ സമാധാനത്തിനായി യാചിക്കുകയായിരുന്നു എന്നാണ് പാഠപുസ്തകത്തിലെ മറ്റൊരു വാചകം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവർത്തിച്ചുള്ള അഭ്യർഥനകൾക്കു ശേഷം പാക്കിസ്ഥാൻ വെടി നിർത്തലിന് സമ്മതിച്ചു എന്നും കൂട്ടിച്ചേർക്കുന്നു. എന്നാൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വെടിനിർത്തൽ ചർച്ചകൾക്ക് ആഹ്വാനം ചെയ്തപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് മധ്യസ്ഥതയ്ക്ക് ഇന്ത്യയ്ക്ക് താൽപര്യമില്ല എന്നും പാക്കിസ്ഥാൻ വെടി നിർത്തിയില്ലെങ്കിൽ ഇന്ത്യ കൂടുതൽ പ്രഹരം സമ്മാനിക്കുമെന്നുമായിരുന്നു.