ബ്രയാൻ ജോൺസൺ
കോടീശ്വരനും ടെക് സംരംഭകനുമായ ബ്രയാൻ ജോൺസൺ ഓഫിസിലേക്ക് അൽപവസ്ത്രധാരിയായും ചിലപ്പോഴൊക്കെ നഗ്നനായും എത്താറുള്ളതായി ജീവനക്കാരുടെ വെളിപ്പെടുത്തൽ. ജീവനക്കാരുമായി ലൈംഗിക കാര്യങ്ങൾ സംസാരിക്കാറുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രശ്നമില്ലെന്ന് ഉറപ്പു നൽകുന്ന മൂന്നു കരാറുകളിൽ ഒപ്പു വച്ചതിനു ശേഷമാണ് ബ്രയാൻ ജോൺസന്‍റെ ബ്ലൂപ്ലിന്‍റ് കമ്പനി ജീവനക്കാർക്ക് നിയമനം നൽകുന്നത്.
ബ്രയാൻ ഓഫിസിലേക്ക് വിവസ്ത്രനായോ അൽപ വസ്ത്രം മാത്രം ധരിച്ചോ എത്തുന്നതിലും ഉദ്ധാരണം അടക്കമുള്ള ലൈംഗിക കാര്യങ്ങൾ സംസാരിക്കുന്നതിലും പ്രശ്നമില്ലെന്നുമാണ് കരാറിൽ ഉള്ളത്. ബ്രയാന്‍റെ ഓഫിസിലെ 30 ജീവനക്കാരുമായി സംസാരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രയാന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ പ്രശ്നമില്ലെന്നും പ്രകോപനപരമോ, ദുരുദ്ദേശപരമോ ചൂഷണമോ അൺപ്രൊഫഷണലോ അല്ലെന്നുമുള്ള കരാറിലും ജീവനക്കാർ ഒപ്പിടേണ്ടതുണ്ട്.
20 പേജുള്ള കരാറിൽ നിരവധി നിയന്ത്രണങ്ങളാണുള്ളത്. ബ്രയാന്‍റെ കുടുംബം, ഓഫിസ്, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ എന്നിവയെപ്പറ്റി പുറത്തു പറയാൻ പാടില്ലെന്നും കരാറിലുണ്ട്. കരാറുകളിൽ ഒപ്പു വച്ചു പോയതിനാൽ വിചിത്രരീതികൾക്കെതിരേ ശബ്ദമുയർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ജീവനക്കാർ. ബ്ലൂപ്രിന്‍റിൽ ഭൂരിഭാഗവും സ്ത്രീജീവനക്കാരാണ്. അൽപവസ്ത്രധാരിയായി എത്തുന്ന ബ്രയാൻ സ്ത്രീജീവനക്കാരുമായി ശൃംഗരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. 48കാരനായ ബ്രയാൺ ഭാര്യയുമായി പിരിഞ്ഞാണ് താമസം. പല വിധത്തിലുള്ള ലഹരിമരുന്നുകൾക്ക് അടിമയാണെന്നും റിപ്പോർട്ടുകളുണ്ട്. അതു മാത്രമല്ല നിത്യയൗവനം നില നിർത്തുന്നതിനായി കോടിക്കണക്കിന് പണം ചെലവഴിക്കുന്നതിലൂടെയും ബ്രയാൻ ശ്രദ്ധ നേടിയിട്ടുണ്ട്.
എന്നാൽ ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിനെ ബ്രയാൻ തള്ളിയിട്ടുണ്ട്. വസ്തുതകൾ വളച്ചൊടിച്ചാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബ്രയാൻ എക്സിൽ കുറിച്ചു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടവരോടാണ് ന്യൂയോർക്ക് ടൈംസ് സംസാരിച്ചിരിക്കുന്നതെന്നും തന്‍റെ കൈയിൽ നിന്ന് 9 മില്യൺ ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ കാമുകിയാണ് അവരുടെ പ്രധാന സാക്ഷിയെന്നും ബ്രയാൻ ആരോപിക്കുന്നുണ്ട്.