സോൾ: ഡിസംബർ 29ന് ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ജെറ്റിന്‍റെ രണ്ട് എഞ്ചിനുകളിൽ നിന്നായി പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിനോട് ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.
ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണകൊറിയയിലെ മുനാൻ വിമാനത്താവളത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രമാണ് രക്ഷപ്പെട്ടത്.
വിമാന അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്സുകൾ അപകടത്തിന് നാല് മിനിറ്റ് തൊട്ട് മുൻപുള്ള റെക്കോർഡിങ് നിർത്തിയിരുന്നതായി കണ്ടെത്തി.
ബ്ലാക്ക് ബോക്സുകളുടെ റെക്കോർഡിങ് നിന്ന് പോകാനുള്ള കാരണമെന്താണെന്ന് അറിയാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ബ്ലാക്ക് ബോക്സുകൾ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലബോറട്ടറിയിലേക്ക് അയച്ചതായി മന്ത്രാലയം അറിയിച്ചു.