ദുബായ്: 2024 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ ശേഷം ബോൾട്ട് ഒരു ദശലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി ദുബായ് ടാക്സി കമ്പനി അധികൃതർ അറിയിച്ചു. മികച്ച പരിശീലനം ലഭിച്ച 18000 ഡ്രൈവർമാരും 200-ലധികം പങ്കാളികളും ഉള്ള പ്രീമിയം ലിമോസിനുകളുടെ വ്യൂഹമാണ് ദുബായിൽ ബോൾട്ടിനുള്ളത്. സുതാര്യമായ നിരക്ക് നിർണ്ണയം, തടസ്സങ്ങളില്ലാത്ത ആപ്പ് നാവിഗേഷൻ, തത്സമയ ട്രാക്കിംഗ്, ഇക്കോണമി, പ്രീമിയം, എക്സ് എൽ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ യാത്രാ ഓപ്‌ഷനുകൾ എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ബോൾട്ടുമായുള്ള ദുബായ് ടാക്സി കമ്പനിയുടെ പങ്കാളിത്തം മൂലം സ്‌മാർട്ട് നഗര ഗതാഗതത്തിന്റെ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനും വരും വർഷങ്ങളിൽ 80% ടാക്‌സി യാത്രകൾ ഇ-ഹെയ്‌ലിങ്ങിലേക്ക് മാറ്റാനുള്ള ദുബായ് സർക്കാരിന്റെ നിർദ്ദേശങ്ങളെ പിന്തുണയ്‌ക്കുന്നതിനും സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനിയുടെ സിഇഒ മൻസൂർ അൽഫലാസി പറഞ്ഞു. അടുത്ത ഘട്ടത്തിൽ, ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകളും സൗകര്യവും കാര്യക്ഷമതയും നൽകാൻ ഡി ടി സി പ്രതിജ്ഞാബദ്ധമാണെന്നും മൻസൂർ അൽഫലാസി പറഞ്ഞു.
കാര്യക്ഷമവും താങ്ങാനാവുന്നതുമായ യാത്രാ ഹെയ്‌ലിംഗ് സൊല്യൂഷനുകൾ നൽകുന്നതിലൂടെയും കുറഞ്ഞ എമിഷൻ വാഹനങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വാഹന വ്യൂഹം വിപുലീകരിക്കുന്നതിലൂടെയും, സർക്കാരിന്റെ നിർദ്ദേശങ്ങളെ പിന്തുണയ്ക്കുന്നതിനും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും
തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബോൾട്ടിലെ പങ്കാളിത്ത വിപണി , ബിസിനസ് ഡെവലപ്‌മെന്‍റ്, മെന എന്നിവയുടെ ചുമതലയുള്ള വൈസ് പ്രസിഡന്‍റ് ജിജെ കിസ്‌റ്റെമേക്കർ പറഞ്ഞു.