സന്ദർശകർ കുറഞ്ഞപ്പോഴാണ് ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റി അമ്യൂസ്മെന്‍റ് പാർക്ക് ഉടമയ്ക്ക് ഒരു ബുദ്ധി തോന്നിയത്. തന്‍റെ മൃഗശാലയിലെ കഴുതയെ വെള്ളയും കറുപ്പും നിറങ്ങൾ കൊണ്ട് മനോഹരമായി പെയിന്‍റ് അടിച്ച് സീബ്രയാക്കി അദ്ദേഹം.
എന്നാൽ, കാലം മാറിയ കാര്യം പാവം മൃഗശാല ഉടമസ്ഥൻ മറന്നു പോയി. മൃഗശാലാ അധികൃതരുടെ കള്ളത്തരം സോഷ്യൽ മീഡിയ കൈയോടെ പിടി കൂടി. അതോടെ സംഭവം വിവാദമായി. സോഷ്യൽ മീഡിയയിൽ കഴുത സീബ്ര വൈറലായെങ്കിലും മൃഗശാലാ അധികൃതർക്ക് കാര്യമായ വരുമാന വർധനയോ സന്ദർശക വർധനയോ ഉണ്ടായില്ല എന്നതാണ് സത്യം.
സന്ദർശകരെ ആകർഷിക്കാനായി കഴുതയുടെ ശരീരത്ത് കറുപ്പും വെളുപ്പും പെയിന്‍റുകൾ അടിച്ചപ്പോൾ ചെറിയൊരു പാളിച്ച പറ്റിപ്പോയതാണ് മൃഗശാലാ അധികൃതരെ വെട്ടിലാക്കിയത്.
കഴുതകളുടെ ശരീരത്തിൽ പെയിന്‍റു ചെയ്തപ്പോൾ ഇവയുടെ മുഖത്ത് പെയിന്‍റു ചെയ്യാൻ അവർ മറന്നു പോയി. ഇതോടെ ഒറ്റ നോട്ടത്തിൽ തന്നെ ഇതു കഴുതയാണെന്ന് സന്ദർശകർക്കും സോഷ്യൽ മീഡിയയ്ക്കും മനസിലായി. തട്ടിപ്പ് കയ്യോടെ പിടി കൂടിയതോടെ ഇതൊരു വെറും തമാശ മാത്രമാണ് എന്ന വിശദീകരണവുമായി മൃഗശാലാ അധികൃതർ രംഗത്തെത്തി. എന്നാൽ മൃഗശാലാ അധികൃതർക്കെതിരെ പെറ്റ രംഗത്തെത്തി.
ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഒരു മൃഗശാലയിൽ ഒരു നായയെ പാണ്ടയുടെ രൂപ മാറ്റം വരുത്തി സന്ദർശകരെ പറ്റിച്ചിരുന്നു. 2018ൽ ഈജിപ്റ്റിലെ കെയ്റോയിലെ മൃഗശാലാ അധികൃതർ കഴുതയെ പെയിന്‍റടിപ്പിച്ച് സീബ്രയാക്കാൻ നോക്കിയിരുന്നു. അന്ന് കഴുതയുടെ മുഖത്തും ചെവിയിലും പെയിന്‍റടിക്കാൻ ഇവർ വിട്ടു പോയി. അതോടെ മൃഗശാലയുടെ കള്ളക്കളി സന്ദർശകർ തിരിച്ചറിഞ്ഞു.