തലകീഴായി മറിഞ്ഞ ബോട്ടിൽ പിടിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന യാത്രക്കാർ.
കൈറേനിയ: വടക്കൻ സൈപ്രസ് തീരത്ത് 270-ഓളം യാത്രക്കാരുമായി സഞ്ചരിച്ച യാത്രാ ഫെറി ബോട്ട് കടലിൽ തലകീഴായി മറിഞ്ഞു. സൈപ്രസിന്‍റെ വടക്കൻ തീരത്തെ കൈറേനിയ തുറമുഖത്തുനിന്ന് തുർക്കിയിലെ മെർസിൻ പ്രവിശ്യയിലുള്ള താസുകു തുറമുഖത്തേക്ക് സർവീസ് നടത്തുകയായിരുന്ന കാറ്റമരൻ വിഭാഗത്തിൽപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
തുറമുഖം വിട്ട് അധികം വൈകാതെ, കരയിൽനിന്ന് ഏകദേശം നാല് മൈൽ അകലെവെച്ച് ബോട്ടിലേക്ക് വെള്ളം ഇരച്ചുകയറാൻ തുടങ്ങുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പലിൽ വെള്ളം കയറാൻ ഉണ്ടായ യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അപകടത്തിൽപ്പെട്ട ബോട്ടിനു ചുറ്റും ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിൽ ഒഴുകിനടക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഖലയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.