കാതറിൻ കൊണോളി അധികാരമേറ്റു

 
World

കാതറിൻ കൊണോളി അധികാരമേറ്റു

അയർലണ്ടിന്‍റെ പത്താമത്തെ പ്രസിഡന്‍റായാണ് കൊണോളി അധികാരമേറ്റത്

Reena Varghese

ഡബ്ലിൻ: ഡബ്ലിൻ കാസിലിലെ സെന്‍റ് പാട്രിക്സ് ഹാളിൽ നടന്ന ഹൃദ്യമായ ചടങ്ങിൽ അയർലണ്ടിന്‍റെ പത്താമത്തെ പ്രസിഡന്‍റായി കാതറിൻ കൊണോളി അധികാരമേറ്റു.1938 മുതലുള്ള എല്ലാ പ്രസിഡന്‍റുമാരും ചുമതലയേറ്റത് ഇവിടെയായിരുന്നു. പ്രാർഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അയർലണ്ടിൽ പ്രസിഡന്‍റ് പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് കൊണോളി.

ചീഫ് ജസ്റ്റിസ് ഡൊണൽ ഒ ഡോണൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ കൊണോളി ഏറ്റു ചൊല്ലി. തുടർന്ന് ഡിക്ലറേഷനിൽ ഒപ്പു വച്ച് പ്രസിഡന്‍റായി ഔദ്യോഗികമായി അധികാരമേറ്റു. കോളിൻസ് ബാരക്കിൽ നിന്ന് എ 21 ഗൺ സല്യൂട്ട് മുഴങ്ങിയതോടെ ചീഫ് ജസ്റ്റിസ് ഒ ഡോണൽ കൊണോളിക്ക് സീൽ ഒഫ് ഓഫീസ് കൈമാറി.

പ്രധാനമന്ത്രി മീ ഹോൾ മാർട്ടിൻ, ഉപ പ്രധാനമന്ത്രി സൈമൺ ഹാരിസ്, മുൻ ഐറിഷ് പ്രസിഡന്‍റുമാരായ മേരി മക് അലീസ്, മേരി റോബിൻസൺ എന്നിവരും ജുഡീഷ്യറി അംഗങ്ങളും എല്ലാ പാർട്ടികളുടെയും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനെത്തിയ മുൻ പ്രസിഡന്‍റ് മീ ഹോൽ ഡി ഹിഗ്ഗിൻസിനെ സദസ് സെന്‍റ് പാട്രിക്സ് ഹാളിൽ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന ഉച്ചഭക്ഷണത്തോടെയാണ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം തുടങ്ങിയത്. നവംബർ 11 വൈകിട്ട് ഡബ്ലിൻ കാസിലിൽ നടന്ന സ്വീകരണ സമ്മേളനത്തിലും പ്രസിഡന്‍റ് പങ്കെടുത്തു. നേരത്തെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടർന്ന് മീഹോൾ ഡി ഹിഗ്ഗിൻസ് രാഷ്ട്രപതി ഭവൻ വിട്ടിരുന്നു.

എളിമയോടെയും വിനയത്തോടെയും അഭിമാനത്തോടെയുമാണ് താൻ ചുമതലയേൽക്കുന്നതെന്നും അതേ നിലയിൽ തന്നെ രാജ്യത്തെ സേവിക്കുമെന്നും പ്രസിഡന്‍റ് കൊണോളി പറഞ്ഞു. ജനങ്ങൾ നൽകിയ ജനവിധി ഫലപ്രദമായി വിനിയോഗിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവരെയും അംഗീകരിക്കുന്ന, വൈവിധ്യത്തെ വിലമതിക്കുന്ന, വീട് എന്നത് അടിസ്ഥാന മനുഷ്യാവകാശമായി കാണുന്ന ഒരിടമാണ് അയർലണ്ടെന്ന് കാതറിൻ പറഞ്ഞു. ദീർഘകാലമായി തുടരുന്ന നിഷ്പക്ഷതയുടെയും സമാധാന പാലനത്തിന്‍റെയും പാരമ്പര്യമാണ് അയർലണ്ടിന്‍റെ ചരിത്രം. യുദ്ധം, ക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കുള്ള ബദൽ നയതന്ത്ര പരിഹാരങ്ങൾക്ക് നേതൃത്വം നൽകാൻ അയർലണ്ടിനാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

നോർത്തേൺ അയർലണ്ടിലേയ്ക്കാണ് പ്രസിഡന്‍റിന്‍റെ ആദ്യ ഔദ്യോഗിക യാത്ര. ഐക്യ അയർലണ്ട്, രാജ്യത്തിന്‍റെ ആത്മാവും ചൈതന്യവും സംരക്ഷിക്കുന്നതിന് ഐറിഷ് ഭാഷ വളർത്തുക, പ്രവാസികളെ ആകർഷിക്കുക തുടങ്ങിയ ആശയങ്ങളും പ്രസിഡന്‍റ് വ്യക്തമാക്കി. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അടക്കമുള്ളവർ പുതിയ പ്രസിഡന്‍റിന് ആശംസകൾ നേർന്നു. കത്തോലിക്കാ ചർച്ച് ഒഫ് അയർലണ്ട്, ഇസ്ലാമിക് പ്രെസ്ബിറ്റീരിയൻ, മെത്തഡിസ്റ്റ്, ജൂത,ഗ്രീക്ക് ഓർത്തഡോക്സ്, ഹ്യൂമനിസ്റ്റ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നുള്ള മതനേതാക്കളുടെ പ്രാർഥനകളോടെയാണ് ചടങ്ങ് ആരംഭിച്ചത്.

എൻ. പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ കാലാവിധി വീണ്ടും നീട്ടി

"ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി"; ചെങ്കോട്ട സ്ഫോടനത്തിൽ അപലപിച്ച് കേന്ദ്ര മന്ത്രിസഭ

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി

എൻഡിഎയ്ക്ക് നേരിയ മേൽക്കൈ: ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് അന്നു പുരോഗമന കാഴ്ചപ്പാടായിരുന്നുവെന്ന് മുൻ ഭർത്താവ്