ഗാങ്ടോക്: വടക്കൻ സിക്കിമിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് പെഗോങ്ങിലെ ദേശീയ പാത10 വെള്ളത്തിൽ മുങ്ങി.വ്യാഴാഴ്ച രാത്രി മുതലുള്ള കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. സമീപത്തെ നദികളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
നിലവിൽ ലാച്ചൻ, ലാചുങ് മേഖലകൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മിന്നൽ പ്രളയത്തിൽ ഒലിച്ചു വന്ന വസ്തുക്കളും മരങ്ങളും നീക്കി പാത ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ അധികൃതർ. ഗാങ്ടോക്- നാഥുല പാതയിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ സോംഗോ തടാകം, ബാബാ മന്ദിർ, നാഥുല, വടക്കൻ സിക്കിം എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് പെർമിറ്റുകളെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.