ബഹിരാകാശ യാത്രികരില്ലാതെ സ്റ്റാർലൈനർ വിമാനമയച്ച് സുരക്ഷാ പരിശോധന നടത്താൻ നാസയും ബോയിങും
file photo nasa
വാഷിങ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസത്തോളം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടി വന്ന സാഹചര്യത്തിൽ സ്റ്റാർലൈനർ വിമാനത്തിന്‍റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ബഹിരാകാശ യാത്രികരില്ലാതെ സ്റ്റാർലൈനർ വിമാനം ബഹിരാകാശത്തേയ്ക്ക് അയയ്ക്കാൻ തീരുമാനമായി. നാസയും ബോയിങ് കമ്പനിയും തമ്മിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സ്റ്റാർലൈനർ വിമാനത്തിൽ നിന്ന് ബഹിരാകാശ യാത്രികരെ മാറ്റി പകരം സുരക്ഷ തെളിയിക്കാൻ കാർഗോയുമായി ട്രയൽ റൺ നടത്താനാണ് ഇപ്പോൾ തീരുമാനമായത്. നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ വാസമായിരുന്നു സുനിതയും സംഘവും നടത്തിയത്. സ്റ്റാർലൈനർ സംഘം സ്പേസ് എക്സിൽ ഭൂമിയിലേക്ക് മടങ്ങിയ എട്ടു മാസത്തിനു ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.
2024ൽ ബുച്ച് വിൽമോറിനെയും സുനിതാ വില്യംസിനെയും കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ പേടകത്തിനു നിരവധി സാങ്കേതിക തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ബഹിരാകാശയാത്രികര്‍ ഒമ്പത് മാസത്തിലേറെ അവിടെ കുടുങ്ങി. സ്റ്റാര്‍ലൈനറിന്‍റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു എൻജിനീയർമാർ അന്നുമുതല്‍ പരിശോധിച്ചു വരികയാണ്. തുടര്‍ന്നാണ് ബഹിരാകാശ നിലയത്തിലേക്കുള്ള കാര്‍ഗോ ട്രെയല്‍ റണ്‍ പ്രഖ്യാപനം. വരുന്ന ഏപ്രിലിനു ശേഷമായിരിക്കും പരീക്ഷണ പറക്കല്‍.