ബന്ദികളുടെ മോചനം ആഘോഷിക്കുന്ന ഇസ്രയേലികൾ
ടെൽ അവൈവ്: വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു പിന്നാലെ ബന്ദികളാക്കിയിരുന്ന മുഴുവൻ ഇസ്രയേലികളെയും കൈമാറി ഹമാസ്. ആദ്യഘട്ടത്തിൽ 7 പേരും പിന്നീട് 13 പേരും അടങ്ങുന്ന സംഘങ്ങളെയാണ് ഹമാസ് റെഡ് ക്രോസ് വഴി മോചിപ്പിച്ചത്. ഇസ്രയേൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ചവരെ ഗാസയിലെ രഹസ്യ താവളത്തിലെത്തിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
തൊട്ടു പിന്നാലെ ഇസ്രയേൽ പലസ്തീൻ തടവുകാരെയും റെഡ് ക്രോസിനു കൈമാറി. 1900 തടവുകാരെ മോചിപ്പിക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഹമാസ് ബന്ദികളെ കൈമാറിയതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. യുഎസ് മുന്നോട്ടു വച്ച വെടിനിർത്തൽ ഉടമ്പടിക്കരാരാണ് ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്‍റെ അവകാശവാദം.
ട്രംപിനു മുൻപിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഇസ്രയേൽ പാർലമെന്‍റ് നന്ദി അറിയിച്ചത്. രണ്ടു വർഷമായി നീണ്ടു നിന്ന വേദനയേറിയ കാലഘട്ടമാണ് ബന്ദികളുടെ മോചനത്തോടെ അവസാനിച്ചിരിക്കുന്നത്.