ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ
ന്യൂഡൽഹി: ആഭ്യന്തര കലാരപം രൂക്ഷമായ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ആരാഞ്ഞ് കേന്ദ്ര സർക്കാർ. കലാപം തുടങ്ങിയതിനു തൊട്ടു പിന്നാലെ ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ സാഹചര്യത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇറാനിലുള്ള പൗരന്മാർ പ്രതിഷേധമോ പ്രക്ഷോഭമോ ശക്തമായ പ്രദേശങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റെസിഡന്‍റ് വിസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും എംബസിയിൽ ഉറപ്പായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്. പ്രക്ഷോഭം കത്തിപ്പടർന്നതോടെ രാജ്യവ്യാപകമായി ഇന്‍റർനെറ്റ് സേവനവും വിമാന സർവീസുകളും നിർത്തി വച്ചത് ആശങ്ക പരത്തുന്നുണ്ട്. രണ്ടാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതു വരെ 116 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് പേർ തടവിലാണ്.
ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് വിവിധ പ്രവിശ്യങ്ങളിലായി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭരണത്തിനെതിരേയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. ഇറാനിലെ കിരീടാവകാശിയായ റെസ പബ്ലവിയും പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയും ശക്തമായ പ്രക്ഷോഭം ഇറാനിലുണ്ടായിട്ടില്ല. പ്രക്ഷോഭകാരികൾക്കെതിരേ നടപടി സ്വീകരിച്ചാൽ പ്രതികരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിന് പിന്നിൽ യുഎസ് ആണെന്നാണ് ഇറാന്‍റെ ആരോപണം.