പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട് 
World

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

ഹിസ്ബുള്ളയുടെ പേജർ ഉപയോഗത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം രൂപംകൊടുത്ത പദ്ധതിയായിരുന്നു ആക്രമണം.

നീതു ചന്ദ്രൻ

ബെയ്റൂട്ട്: ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്. ഹംഗറിയിൽ നിർമിച്ച പേജറുകൾ ലെബനനിലേക്കു കൊണ്ടുപോകുന്നതിനിടെ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസി മൊസാദ് ഇവയിൽ സ്ഫോടകവസ്തു സ്ഥാപിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഈ പേജറുകൾ നിർമിച്ച കമ്പനി തന്നെ ഇസ്രയേൽ വ്യാജമായി രൂപംകൊടുത്തതാണെന്നു പ്രമുഖ യുഎസ് പത്രം റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ പേജർ ഉപയോഗത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം രൂപംകൊടുത്ത പദ്ധതിയായിരുന്നു ആക്രമണം.

തായ്‌വാനിലെ ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നാമം ഉപയോഗിക്കാൻ അനുമതിയുള്ള ഹംഗേറിയൻ കമ്പനി ബിഎസി കൺസൾട്ടിങ്ങാണ് ഹിസ്ബുള്ളയ്ക്കു വേണ്ടി പേജറുകൾ നിർമിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കമ്പനിക്കു പിന്നിൽ ഇസ്രയേലെന്നാണു പുതിയ വിവരം.

ഇസ്രയേൽ വിവരം ചോർത്തുമെന്നു ഭയന്ന് മൊബൈൽ ഫോൺ ഉപേക്ഷിച്ചു പേജറിലേക്കു മാറാൻ ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള നിർദേശം നൽകിയതോടെയാണ് മാറിയതോടെയാണ് മൊസാദ് പുതുവഴി തേടിയത്. പേജർ നിർമാണത്തിനായി ഇസ്രേലി ഏജൻസി ഉടമകളുടെ യഥാർഥ വിവരങ്ങൾ മറച്ചുവച്ച് രണ്ടു കമ്പനികൾക്കു രൂപം കൊടുത്തു. തുടർന്ന് തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയുമായി ബ്രാൻഡ് നാമം ഉപയോഗിക്കാനുള്ള മൂന്നു വർഷത്തെ കരാറെടുത്ത കമ്പനി ലെബനനിൽ നിന്നുള്ള പേജർ ഓർഡർ സ്വീകരിച്ചു. സാധാരണക്കാർക്കു വേണ്ടിയും കമ്പനി പേജർ നിർമിച്ചു നൽകി. എന്നാൽ, ഹിസ്ബുള്ളയ്ക്കായി ആയിരക്കണക്കിന് പേജറുകളുടെ ഓർഡർ എത്തിയപ്പോൾ ഇതിലെല്ലാം ശക്തിയേറിയ സ്ഫോടകവസ്തു പിഇടിഎൻ (പെന്‍റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ്) സ്ഥാപിച്ചു. പെട്ടെന്ന് പൊട്ടിത്തെറിക്കാത്തതും വെള്ളത്തിൽ അലിയാത്തതുമായ മാരക സ്ഫോടകവസ്തുവാണ് പിഇടിഎൻ.

എന്നാൽ, തങ്ങൾ പേജറുകൾ നിർമിച്ചിട്ടില്ലെന്നാണ് ബിഎസിയുടെ വിശദീകരണം. പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും പേജറുകൾ നിർമിച്ചിട്ടില്ലെന്നും ബിഎസി സിഇഒ ക്രിസ്റ്റ്യാന ബർസോണി ആർസിഡിയകോനോ പറഞ്ഞു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടന്ന പേജർ, വോക്കിടോക്കി സ്ഫോടനങ്ങളൽ മരിച്ചവരുടെ എണ്ണം 37 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുൾപ്പെടെ ആശുപത്രികൾ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. സന്ദേശം വായിക്കുന്നതിനിടെയാണ് പേജർ പൊട്ടിത്തെറിച്ചത് എന്നതിനാൽ വലിയൊരു വിഭാഗത്തിനും കണ്ണിനാണു പരുക്ക്. ആശുപത്രികളിൽ തുടർച്ചയായി നേത്ര ശസ്ത്രക്രിയകൾ നടക്കുകയാണെന്നു റിപ്പോർട്ട്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം