ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സോമാലി ലാന്‍ഡ് പ്രസിഡന്‍റ് അബ്ദി റഹിമാൻ മുഹമ്മദ് അബ്ദുള്ളാഹി
file photo
സോമാലി ലാൻഡുമായുള്ള അബ്രഹാം അക്കോർഡ്സിനെ നെതന്യാഹുവിന്‍റെ പുതിയ മാസ്റ്റർ സ്ട്രോക്ക് എന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി ഒറ്റപ്പെട്ടു പോയ ഈ സ്വതന്ത്ര റിപ്പബ്ലിക്കിനെ നിർണായകമായ ഈ ഘട്ടത്തിൽ അംഗീകരിക്കുക വഴി യമന്‍റെ എതിർവശത്തുള്ള തന്ത്രപ്രധാനമായ തുറമുഖങ്ങളായ ബെർബെറ,ബോസോസോ എന്നിവിടങ്ങളിലും ഹോൺ ആഫ്രിക്ക എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ഐക്യ മേഖലയിലും ഇസ്രയേലിന് ഒരു സൈനിക താവളത്തിന് വഴിയൊരുങ്ങും. ഇത് ടെൽ അവീവിനു നൽകുന്ന ഭൗമ രാഷ്ട്രീയ നേട്ടം ചില്ലറയല്ല.
ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സോമാലി ലാന്‍ഡ് പ്രസിഡന്‍റ് അബ്ദി റഹിമാൻ മുഹമ്മദ് അബ്ദുള്ളാഹിയെ വീഡിയോ കോളിലൂടെയാണ് തന്‍റെ അംഗീകാരം പ്രഖ്യാപിച്ചതായി അറിയിച്ചത്. അബ്രഹാം കരാറുകളുടെ ആത്മാവിൽ ഉണ്ടായ പ്രഖ്യാപനം എന്നാണ് നെതന്യാഹുവിന്‍റെ ഓഫീസ് ഇതിനെ കുറിച്ചു പറഞ്ഞത്. സോമാലി ലാന്‍ഡ് പ്രസിഡന്‍റ് അബ്ദിറഹിമാൻ മുഹമ്മദ് അബ്ദുള്ളാഹി ഇതൊരു തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ തുടക്കം കുറിച്ചു എന്നാണ് ഇസ്രയേലിന്‍റെ അംഗീകാരത്തെ കുറിച്ച് പറഞ്ഞത്.
ഇതിൽ തന്നെ ഇസ്രയേലിന് ഏറ്റവും അടുത്ത ഭാവിയിൽ സോമാലിലാന്‍ഡിൽ ലഭിക്കാവുന്ന സൈനിക വിന്യാസവും ഹൂതികൾക്കെതിരെയുള്ള സൈനിക മേൽക്കോയ്മയും സ്പഷ്ടമാണ്. യുഎഇ, ബഹ്റൈൻ, സുഡാൻ, മൊറോക്കോ,കസാക്കിസ്ഥാൻ എന്നിവയ്ക്കു ശേഷം അബ്രഹാം അക്കോർഡ്സിൽ പങ്കാളിയാകുന്ന ആറാമത്തെ രാജ്യമായി സോമാലി ലാന്‍ഡ് മാറുമെന്നാണ് ഈ രാജ്യത്തിന്‍റെ പ്രതീക്ഷ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമീപനവുമായി ഈ നടപടി യോജിക്കുന്നു.
1991ലാണ് സോമാലിയയിൽ നിന്ന് സോമാലി ലാന്‍ഡ് സ്വാതന്ത്ര്യം പ്രാപിച്ച നാൾ മുതൽ അന്താരാഷ്ട്ര അംഗീകാരത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം അധികാരമേറ്റ പ്രസിഡന്‍റ് അബ്ദിറഹിമാൻ മുഹമ്മദ് അബ്ദുല്ലാഹിയാണ് ഇതിനു മുൻഗണന നൽകിയതും ഇപ്പോൾ ഇസ്രയേൽ സോമാലിലാന്‍ഡിനെ അംഗീകരിച്ചതും.
അതോടെ സോമാലിലാന്‍ഡ് പ്രസിഡന്‍റ് ഇസ്രയേലിന്‍റെ അഭിനന്ദനപാത്രവുമായി. സമാധാനം , സുരക്ഷ, സ്ഥിരത എന്നിവയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് പ്രസിഡന്‍റിനെ ആവോളം പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലേക്ക് സോമാലി ലാന്‍ഡ് പ്രസിഡന്‍റിനെ ക്ഷണിച്ച നെതന്യാഹു ഇത് അബ്രഹാം അക്കോർഡ്സിന്‍റെ ആത്മാവിന് അനുസൃതമായ നടപടിയാണെന്നും അവകാശപ്പെട്ടു.
ഞെരുങ്ങുന്ന തുർക്കി
സിറിയ, ഗാസ, ലെബനൻ, ഇറാൻ, പശ്ചിമേഷ്യ എന്നിവിടങ്ങൾ ഉൾപ്പടെ എല്ലായിടത്തും തുർക്കിയും ഇസ്രയേലും തമ്മിൽ തർക്കങ്ങളുണ്ട്. അതു കൊണ്ടു തന്നെ സോമാലി ലാന്‍ഡിനെ ഇസ്രയേൽ അംഗീകരിച്ചതിനെ തുർക്കി വിദേശകാര്യ മന്ത്രാലയം സോമാലിലാന്‍ഡ് എന്ന വിപുലീകരണവാദിയെ അംഗീകരിച്ചതു വഴി ഇസ്രയേൽ സോമാലിയയുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന പരസ്യമായ ഇടപെടലാണിത് എന്നാണ് വിമർശിക്കുന്നത്.
തുർക്കിക്കും സോമാലിയയ്ക്കും തന്ത്രപരമായ പങ്കാളിത്തം പല മേഖലകളിലും ഉണ്ട്. ഇതിൽ ഹൈഡ്രോകാർബൺ മേഖലയും തന്ത്രപരമായ സമുദ്ര സ്ഥാനവും ഇന്നോളം ഉപയോഗിക്കാത്ത ഊർജ സ്രോതസുകളുമുണ്ട്. ഇതൊക്കെയാണ് തുർക്കി സോമാലിയയെ ഒരു മുൻഗണനാ രാജ്യമായി കരുതുന്നതിനു കാരണം.
സോമാലിയൻ പ്രദേശത്ത് ആറു ബില്യൺ ക്യുബിക് മീറ്റർ തെളിയിക്കപ്പെട്ട പ്രകൃതി വാതക ശേഖരവും 30 ബില്യൺ ബാരൽ ഒഫ്ഷോർ ഹൈഡ്രോകാർബൺ സാധ്യതയുമാണ് കണക്കാക്കപ്പെടുന്നത്. 2017 മുതൽ ആഫ്രിക്കയിലെ ഏറ്റവും വലിയ സൈനികത്താവളം തുർക്കിക്ക് ഉള്ളതും സോമാലിയയിലാണ് . ഇതാണ് ഇസ്രയേൽ സോമാലി ലാന്‍ഡിനെ അംഗീകരിച്ചതിൽ തുർക്കി അസ്വസ്ഥപ്പെടുന്നതിനു കാരണം.
ഇസ്രയേലിന്‍റെ നേട്ടങ്ങൾ
സോമാലി ലാന്‍ഡും ഇസ്രയേലും വളരെക്കാലമായി ശ്രമിച്ചു വരുന്ന ഒന്നാണ് സോമാലി ലാന്‍ഡുമായുള്ള സഹകരണം. യമന് എതിർവശത്തുള്ള ബെർബെറ, ബോസോസോ എന്നീ തന്ത്രപരമായ തുറമുഖങ്ങളിലും ഹോൺ ആഫ്രിക്കയിലും ഒരു സൈനിക താവളം എന്ന ഇസ്രയേലിന്‍റെ താൽപര്യം ഇനി വളരെ വേഗം സാധ്യമാകും.
ഇതോടെ ഇറാന്‍റെ അച്ചു തണ്ടുകളായ എല്ലാ രാജ്യങ്ങളെയും , പ്രത്യേകിച്ച് യമനിലെ ഹൂതികളെയും വൻ തോതിൽ തകർക്കാൻ ഈ സഹകരണം ഇടയാക്കും. മുമ്പ് ഇസ്രയേലിന് വൻ തടസങ്ങൾ സൃഷ്ടിച്ച ഹൂതികൾക്ക് ഇനി അതത്ര എളുപ്പമല്ല. സോമാലി ലാന്‍ഡിന്‍റെ പരിധിയിലുള്ള ഈ തന്ത്രപ്രധാന സമുദ്ര മേഖലയിൽ ഇസ്രയേൽ സൈനിക താവളം സ്ഥാപിച്ചാൽ ടെൽ അവീവിന് അതൊരു നിർണായക നേട്ടമായിരിക്കും.
അവസാനിക്കുമോ സ്വതന്ത്ര പലസ്തീൻ വാദം?
ഇത്തവണത്തെ ഇസ്രയേൽ-ഗാസ യുദ്ധം ഗാസൻ ജനതയ്ക്ക് നഷ്ടങ്ങൾ മാത്രം നൽകിയ ഒന്നാണ്. ഭീകരരായ ഗാസക്കാരെ തടവിലിടുകയോ വധിക്കുകയോ ചെയ്യാം. എന്നാൽ സാധാരണക്കാരായ പലസ്തീനികളെ എന്തു ചെയ്യും എന്ന തലവേദന ഇസ്രേയലിനു മുമ്പിലുണ്ട്.
ഇത്തരത്തിലുള്ള സാധാരണക്കാരായ പലസ്തീനികളെ കൈമാറാൻ ബദൽ സംവിധാനം ഇസ്രയേൽ തേടുകയാണ്. അതിന്‍റെ ഭാഗമായാണ് പലസ്തീനികൾക്കു വേണ്ടി വാദിച്ച ആഫ്രിക്കയിലേയ്ക്ക് ഒരു വിമാനം നിറയെ പലസ്തീൻ അഭയാർഥികളെ ഇസ്രയേൽ തിരുകിക്കയറ്റി അയച്ചത്.
പലസ്തീനികൾക്ക് ബദൽ കൈമാറൽ കേന്ദ്രങ്ങളുടെ ചിന്തയിൽ ഇസ്രയേലിനു മുമ്പിൽ സോമാലി ലാന്‍ഡും പണ്ടേയുണ്ട്. എന്നാൽ തങ്ങളുടെ രാജ്യത്തെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ചാൽ മാത്രമേ ഈ കൈമാറ്റം തങ്ങൾ അംഗീകരിക്കൂ എന്ന് സോമാലികൾ പറഞ്ഞിരുന്നു. ഇതും സോമാലി ലാന്‍ഡിനെ അംഗീകരിക്കുന്നതിലേയ്ക്ക് നെതന്യാഹുവിനെ നയിച്ചു. എന്തായാലും ഈ നടപടികൾ സമുദ്രമേഖലയുടെ നിയന്ത്രണത്തെ തന്നെ മാറ്റി മറിക്കും.