റിയോയിൽ ഓപ്പറേഷൻ സിന്ദൂർ ആധാരമാക്കിയ സാംസ്കാരിക അവതരണത്തോടെ മോദിക്ക് സ്വീകരണം
file photo
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ഷനീറോയിൽ എത്തി. അർജന്‍റീനയിൽ നിന്നാണ് മോദി ബ്രസീലിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രസീലിലെ ഇന്ത്യൻ സമൂഹം ഉജ്വലമായ സാംസ്കാരിക പരിപാടികളോടെ വരവേറ്റു. ചടങ്ങിന്‍റെ ശ്രദ്ധേയമായ ഭാഗമായത് 'ഓപ്പറേഷൻ സിന്ദൂർ' ആധാരമാക്കിയുള്ള നൃത്താവിഷ്കാരമായിരുന്നു. ഇന്ത്യൻ സൈനികരുടെ ത്യാഗത്തെയും ദേശസ്നേഹത്തെയും അനുസ്മരിപ്പിക്കുന്നായിരുന്നു ആ നൃത്തം.
റിയോ ഡി ഷാനീറോയിൽ ഇന്ത്യൻ പരമ്പരാഗത നൃത്തവും ജനകീയ സംഗീതവും നിറഞ്ഞു നിന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഇന്ത്യൻ പ്രവാസികൾ ആഘോഷിച്ചു. നൃത്താവിഷ്കാരം പ്രധാനമന്ത്രിയുടെ പ്രശംസയും കൈയടിയും നേടി.
ബ്രസീലിയൻ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ബഹിരാകാശം, ഊർജം, വ്യാപാരം, സാങ്കേതിക വിദ്യ, കൃഷി, സമൂഹ ഇടപെടൽ, എന്നിവയുൾപ്പടെ വിവിധ മേഖലകളിൽ ഇന്ത്യ-ബ്രസീൽ തന്ത്രപരമായ സഹകരണം ആഴപ്പെടുത്തുകയാണ് ലക്ഷ്യം.
അർജന്‍റീന സന്ദർശനം സമാപിച്ച ശേഷമായിരുന്നു മോദി ബ്രസീലിൽ എത്തിയത്. അർജന്‍റീനയിൽ അദ്ദേഹം പ്രസിഡന്‍റ് ജാവിയർ മിലെയി ആയി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലൈ രണ്ടു മുതൽ ഒൻപതു വരെ നീണ്ടു നിൽക്കുന്ന എട്ടു ദിവസത്തെ അഞ്ചു രാജ്യ സന്ദർശന യാത്രയുടെ ഭാഗമായി അദ്ദേഹം ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അർജന്‍റീന,ബ്രസീൽ നമീബിയ എന്നീ രാജ്യങ്ങളും സന്ദർശന പട്ടികയിൽ ഉൾപ്പെടുന്നു. ജൂലൈ 9 ന് അദ്ദേഹം നമീബിയ പാർലമെന്‍റിൽ പ്രസംഗിക്കും.