ട്രംപിന്‍റെ ആഗോള തീരുവ റദ്ദാക്കി വീണ്ടും കോടതി
ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ പത്തു ശതമാനം നികുതി ഏർപ്പെടുത്തിയ ട്രംപിന്‍റെ തീരുമാനം റദ്ദാക്കി ന്യൂയോർക്കിലെ കോർട്ട് ഒഫ് ഇന്‍റർനാഷണൽ ട്രേഡിലെ മൂന്നംഗ പാനൽ. 2:1 എന്ന ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. തീരുവ ഏർപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രസിഡന്‍റിന് നൽകിയിട്ടുള്ള അധികാര പരിധി ട്രംപ് മറികടന്നുവെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്‍റെ നടപടി അസാധുവും നിയമപരമായി അധികാരപ്പെടുത്താത്തതും ആണെന്ന് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. പാനലിലെ മൂന്നാമത്തെ ജഡ്ജി ഈ തീരുമാനത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു.
നേരത്തെ ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം വരെയുള്ള ആഗോള തീരുവ ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 1974ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 ഉപയോഗിച്ച് 10ശതമാനം താൽക്കാലിക തീരുവ ഭരണകൂടം നടപ്പിലാക്കിയത്. ജൂലൈ 24ന് കാലാവധി അവസാനിക്കാനിരുന്ന ഈ തീരുവയാണ് ഇപ്പോൾ കോടതി തടഞ്ഞിരിക്കുന്നത്.
ട്രംപിന്‍റെ നികുതി നയത്തിനെതിരേ ചെറുകിട വ്യവസായ ഉടമകളാണ് കോടതിയെ സമീപിച്ചത്. വാഷിങ്ടൺ സ്റ്റേറ്റ്, മസാല കമ്പനിയായ ബേർലാപ്പ് ആൻഡ് ബാരൽ, ടോയ് കമ്പനിയായ ബേസിക് ഫൺ എന്നീ മൂന്നു വാദികളിൽ നിന്ന് തീരുവ ഈടാക്കുന്നത് കോടതി നേരിട്ട് തടഞ്ഞു. ട്രംപ് ഭരണകൂടത്തിന്‍റെ വ്യാപാര നയങ്ങൾ നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്.
കഴിഞ്ഞ വർഷം അമെരിക്കയുടെ വ്യാപാരക്കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു കൊണ്ട് 1977ലെ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) ഉപയോഗിച്ചാണ് ട്രംപ് അന്താരാഷ്ട്ര തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഫെബ്രുവരി 28 ന് സുപ്രീ കോടതി ഈ നടപടി റദ്ദാക്കി.