ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്
ന്യൂഡൽഹിയിൽ നടക്കാൻ പോകുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും തമ്മിൽ നടക്കുന്ന നിർണായക ഉഭയകക്ഷി ചർച്ചയിൽ എസ് യു-57 സ്റ്റെൽത്ത് യുദ്ധ വിമാന ഇടപാട് മുഖ്യ ചർച്ചാവിഷയം ആകും. വെള്ളിയാഴ്ച നടക്കുന്ന ഈ ഉഭയകക്ഷി ചർച്ചയിൽ റഷ്യയുടെ അഞ്ചാം തലമുറയിൽ പെട്ട അത്യാധുനിക എസ് യു-57 സ്റ്റെൽത്ത് യുദ്ധ വിമാനങ്ങൾ ഇന്ത്യയ്ക്കു നൽകുന്നതുമായി ബന്ധപ്പെട്ട ഇടപാടായിരിക്കും പ്രധാന ചർച്ചാവിഷയം. മോസ്കോയിൽ നിന്ന് ഓൺലൈൻ വഴി മാധ്യമങ്ങളോട് സംസാരിക്കവേ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് ഈ ഉഭയകക്ഷി ചർച്ചയുടെ വിവരങ്ങൾ പുറത്തു വിട്ടത്.
ഇന്ത്യൻ വ്യോമസേന നേരിടുന്ന യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഈ അത്യാധുനിക യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ വ്യവസ്ഥകളാണ് റഷ്യ മുന്നോട്ടുവെക്കുന്നത്. ഇതിനുപുറമെ ഇന്ത്യയിൽ പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും നേതാക്കളുടെ ചർച്ചയിൽ ഉയർന്നുവരും. യുക്രെയ്ൻ വിഷയം, ഉഭയകക്ഷി വ്യാപാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം എന്നിവയും ഉഭയകക്ഷി ചർച്ചയുടെ ഭാഗമാകും.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നൂറ് ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തെ പെസ്കോവ് കടുപ്പത്തിൽ വിമർശിച്ചു. ഇത്തരം നീക്കങ്ങൾ നിയമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകനേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയുടെ ഭാഗമായുള്ള മോദി-പുടിൻ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.