Schengen Visa 
World

ഇന്ത്യക്കാർക്ക് ദീർഘകാല ഷെങ്കൻ വിസ കിട്ടാൻ ഇനി എളുപ്പം

രണ്ടു വട്ടം ഹ്രസ്വകാല വിസ ലഭിച്ചവർ രണ്ടു വർഷ വിസയ്ക്ക് അർഹരാകും, അതിനു ശേഷം അഞ്ച് വർഷ വിസയും അനുവദിക്കും

VK SANJU

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ദീർഘകാല ഷെങ്കൻ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ ലഘൂകരിച്ചു. യുഎസിലേക്ക് 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇതുവരെ അഞ്ച് വർഷത്തേക്കുള്ള ഷെങ്കൻ വിസ കിട്ടാൻ.

വ്യവസായ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കുന്നതിനും മറ്റും യൂറോപ്പിലെ ഷെങ്കൻ മേഖലയിലേക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നവർ പല അപേക്ഷാ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വിപുലമായ പേപ്പർ വർക്കുകയും ചെയ്യുകയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പരിഷ്കരണത്തിലൂടെ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്കാർക്കായി വിസ കാസ്കേഡ് സ്കീമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നു വർഷത്തിനിടെ രണ്ടു വട്ടം ഹ്രസ്വകാല വിസിറ്റ് വിസ നേടുകയും നിയമപരമായിത്തന്നെ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യക്കാർ ഇനി രണ്ടു വർഷത്തേക്കുള്ള മൾട്ടി എൻട്രി ലോങ് ടേം വിസയ്ക്ക് അർഹരായിരിക്കും. രണ്ടു വർഷം വിസ ലഭിച്ചവർക്ക് പാസ്‌പോർട്ടിനു മതിയായ സമയത്തേക്ക് സാധുതയുണ്ടെങ്കിൽ അഞ്ച് വർഷത്തേക്കും വിസ അനുവദിക്കും. വിസ-രഹിത യാത്രയ്ക്കു തുല്യമായ സ്വാതന്ത്ര്യത്തോടെ ഈ കാലയളവിൽ ഷെങ്കൻ മേഖലയിലുള്ള ഏതു രാജ്യത്തേക്കും ഇന്ത്യക്കാർക്ക് യാത്ര ചെയ്യാം.

പൊതുവായ വിസ ചട്ടങ്ങളിൽ ഇന്ത്യക്കാർക്കു മാത്രമായി ഇളവ് വരുത്താൻ ഏപ്രിൽ 18ന് യൂറോപ്യൻ കമ്മീഷൻ സ്വീകരിച്ച തീരുമാനമാണ് നടപ്പാകാൻ പോകുന്നത്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കുടിയേറ്റ വിഷയത്തിൽ എത്തിച്ചേർന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് അനുകൂലമായ മാറ്റങ്ങൾ.

ഹ്രസ്വകാല ഷെങ്കൻ വിസ ലഭിക്കുന്നവർക്ക് 180 ദിവസ കാലയളവിൽ തുടർച്ചയായി 90 ദിവസം വരെയാണ് ഷെങ്കൻ മേഖലയിലെ രാജ്യങ്ങളിൽ താമസിക്കാൻ അനുമതി ലഭിക്കുക. യൂറോപ്യൻ യൂണിയനിൽപ്പെട്ട 25 രാജ്യങ്ങൾ ഉൾപ്പെടെ ആകെ 29 യൂറോപ്യൻ രാജ്യങ്ങളാണ് ഷെങ്കൻ മേഖലയിൽ ഉൾപ്പെടുന്നത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇവ:

  • ബെൽജിയം

  • ബൾഗേറിയ

  • ക്രൊയേഷ്യ

  • ചെക്ക് റിപ്പബ്ലിക്

  • ഡെൻമാർക്ക്

  • ജർമനി

  • എസ്റ്റോണിയ

  • ഗ്രീസ്

  • സ്പെയിൻ

  • ഫ്രാൻസ്

  • ഇറ്റലി

  • ലാത്വിയ

  • ലിത്വാനിയ

  • ലക്സംബർഗ്

  • ഹംഗറി

  • മാൾട്ട

  • നെതർലൻഡ്സ്

  • ഓസ്ട്രിയ

  • പോളണ്ട്

  • പോർച്ചുഗൽ

  • റൊമാനിയ

  • സ്ലോവേനിയ

  • സ്ലോവാക്യ

  • ഫിൻലാൻഡ്

  • സ്വീഡൻ

ഷെങ്കൻ മേഖലയിലെ മറ്റു രാജ്യങ്ങൾ:

  • ഐസ്‌ലൻഡ്

  • ലീച്ച്റ്റൻസ്റ്റീൻ

  • നോർവേ

  • സ്വിറ്റ്സർലൻഡ്

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ