ബംഗ്ലാദേശ് കലാപം; മരിച്ചത് 105 പേർ, അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് 
World

ബംഗ്ലാദേശ് കലാപം; മരിച്ചത് 105 പേർ, അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്

ബംഗ്ലാദേശ് വിമോചനത്തെ എതിർത്ത ജമാ അത്തെ ഇസ്‌ലാമിയുൾപ്പെടെ സംഘടനകളാണ് ഇപ്പോഴത്തെ അക്രമങ്ങൾക്കു പിന്നിലെന്നു സർക്കാർ പറയുന്നു.

ന്യൂഡൽഹി: സംവരണ വിരുദ്ധ സമരം കലാപത്തിലേക്കു വഴിമാറിയ ബംഗ്ലാദേശിൽ അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്. തലസ്ഥാനമായ ധാക്കയിൽ സുരക്ഷയ്ക്ക് സൈന്യത്തെ വിന്യസിച്ചു. രാജ്യവ്യാപകമായി കർഫ്യൂനീട്ടി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശ യാത്ര റദ്ദാക്കി. ഏറ്റുമുട്ടലുകളിൽ മരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്തിപ്പോഴും സംഘർഷം തുടരുകയാണ്.

1971ലെ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ പിന്മുറക്കാർക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്‍റെ തീരുമാനമാണ് അക്രമത്തിനു തുടക്കമിട്ടത്. ബംഗ്ലാദേശ് വിമോചനത്തെ എതിർത്ത ജമാ അത്തെ ഇസ്‌ലാമിയുൾപ്പെടെ സംഘടനകളാണ് ഇപ്പോഴത്തെ അക്രമങ്ങൾക്കു പിന്നിലെന്നു സർക്കാർ പറയുന്നു.

അതേസമയം, ബംഗ്ലാദേശിൽ നിന്ന് ആയിരത്തോളം വിദ്യാർഥികൾ ഇന്ത്യയിലേക്കു മടങ്ങി. 778 വിദ്യാർഥികൾ കരമാർഗവും 200 വിദ്യാർഥികൾ ധാക്ക, ചിറ്റഗോങ് വിമാനത്താവളങ്ങൾ വഴിയും തിരിച്ചെത്തിയെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിൽ നിന്നുള്ള 98 പേരുൾപ്പെടെ 186 വിദ്യാർഥികൾ മേഘാലയിലൂടെ മടങ്ങിയെത്തിയിട്ടുണ്ട്. ത്രിപുര വഴി മറ്റൊരു നൂറു വിദ്യാർഥികളും തിരിച്ചെത്തി.

15000ഓളം ഇന്ത്യൻ വിദ്യാർഥികൾ ബംഗ്ലാദേശിലുണ്ടെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നാലായിരത്തോളം വിദ്യാർഥികൾ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ചിറ്റഗോങ്, രാജ്ഷാഹി, സിൽഹെത്ത്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്‍റ് ഹൈക്കമ്മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിച്ചെന്നും ജയ്സ്വാൾ. നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഇന്ത്യൻ ഹൈക്കമ്മിഷൻ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം