യുകെയിൽ ഉഷ്ണതരംഗം: രണ്ടു മാസത്തിനിടെ മരിച്ചത് 2,877 പേർ
ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ അതിശക്തമായ ചൂടിനെ തുടർന്ന് 2877 പേർ മരിച്ചതായി ആരോഗ്യ വകുപ്പ്. മേയ്-ജൂൺ മാസങ്ങളിലായി 2,877 പേർ ചൂടു സംബന്ധമായ കാരണങ്ങളാൽ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2022ൽ രേഖപ്പെടുത്തിയ 2,985 മരണങ്ങൾക്ക് തൊട്ടു പിന്നാലെയാണ് ഇത്തവണത്തെ കണക്ക്. വേനൽക്കാലം അവസാനിക്കാൻ ഓഗസ്റ്റ് മാസം കൂടി ഉള്ള സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയതോടെയാണ് സ്ഥിതി ഗുരുതരമായത്. സാധാരണയേക്കാൾ മുമ്പേ എത്തിയ ഉഷ്ണ തരംഗം ദിവസങ്ങളോളം നീണ്ടു നിന്നതോടെ പ്രായമായവർ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ ഉൾപ്പടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉൾപ്പടെയുള്ളവർ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്.
ദീർഘനേരം ഉയർന്ന താപനിലയിൽ കഴിയുന്നത് പല രോഗങ്ങളെയും ഗുരുതരമാക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗങ്ങളുടെ തീവ്രതയും വർധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഇതിനിടെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാട്ടുതീയും മറ്റു ചൂടു സംബന്ധമായ അടിയന്തര പ്രശ്നങ്ങളുമുണ്ടാകുന്നത്.
അതിശക്തമായ ഉഷ്ണതരംഗം മൂലം യുകെയിൽ ഇപ്പോൾ സൈക്ലോസ്‌പോറിയാസിസ് എന്നരോഗം വര്‍ധിക്കുന്നതായും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ മുതല്‍ ഇതുവരെ 67 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെക്‌സിക്കോ സന്ദര്‍ശിച്ച് മടങ്ങിയവരിലാണ് കൂടുതലായും രോഗബാധ കണ്ടെത്തിയത്.
മലിനമായ സലാഡുകള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെ പകരുന്ന ഈ രോഗം ഗുരുതര വയറിളക്കത്തിന് കാരണമാകുമെങ്കിലും, ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. നിലവിലെ ഉഷ്ണതരംഗവും രോഗവ്യാപന മുന്നറിയിപ്പും ഒരേസമയം ഉയര്‍ന്നതോടെ യുകെയില്‍ പൊതുജനാരോഗ്യ ആശങ്ക കൂടുതല്‍ ശക്തമായി.