മെഹുൽ ചോക്സി
ബ്രസ്സൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയായ മെഹുൽ ചോക്സിയെ ഇന്ത‍്യക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ബെൽജിയത്തിലെ ആന്‍റ്വെർപ്പ് കോടതിയാണ് അനുമതി നൽകിയത്. 13,500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരനായ മെഹുൽ ചോക്സി.
ഇന്ത്യന്‍ ഏജൻസികളുടെ ആവശ്യപ്രകാരം 2025 ഏപ്രിൽ 11നാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് മെഹുൽ ചോക്സി, ഇയാളുടെ അനന്തരവൻ നീരവ് മോദി, കുടുംബാംഗങ്ങൾ, പിഎൻബി ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും സിബിഐയും കേസെടുത്തത്.
പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനം ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ദശകോടിക്കണക്കിന് ഡോളർ വരുന്ന വായ്പ തരപ്പെടുത്തിയെന്നാണ് കേസ്.