ബ്രിട്ടിഷ് സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കുള്ള സർക്കാർ ധനസഹായത്തിൽ നിയന്ത്രണമേർപ്പെടുത്താൻ യുഎഇയുടെ തീരുമാനം.
freepik.com
ദുബായ്: ബ്രിട്ടിഷ് സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കുള്ള സർക്കാർ ധനസഹായത്തിൽ നിയന്ത്രണമേർപ്പെടുത്താൻ യുഎഇയുടെ തീരുമാനം. ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള 'മുസ്‌ലിം ബ്രദർഹുഡ്' ഘടകങ്ങൾ വിദ്യാർഥികളെ ഭീകരപ്രവർത്തനത്തിലേക്കു നയിച്ചേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണിത്. മുസ്‌ലിം ബ്രദർഹുഡിനെ നിരോധിക്കണമെന്ന യുഎഇയുടെ ആവശ്യം ബ്രിട്ടീഷ് സർക്കാർ നിരസിച്ചിരുന്നു. യുഎഇ ഉൾപ്പെടെ വിവിധ ഇസ്‌ലാമിക രാജ്യങ്ങൾ മുസ്‌ലിം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ചെങ്കിലും കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് ദിനപത്രങ്ങളായ 'ഫിനാൻഷ്യൽ ടൈംസ്', 'ദി ടൈംസ്' എന്നിവയുടെ റിപ്പോർട്ടുകളിലാണ് ഇക്കാര്യം പുറത്തായത്. വിദ്യാഭ്യാസത്തിനു സർക്കാർ ആനുകൂല്യം ലഭിക്കുന്ന വിദേശ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യുഎഇ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയതിൽ ബ്രിട്ടനിലെ വാഴ്സിറ്റികളെ ഒഴിവാക്കിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, യുഎസും ഓസ്ട്രേലിയയും ഫ്രാൻസും ഇസ്രയേലുമടക്കം രാജ്യങ്ങൾ സ്കോളർഷിപ്പ് ലഭിക്കുന്ന പട്ടികയിലുണ്ട്.
ലോകപ്രശസ്തമായ കേംബ്രിജും ഓക്സ്ഫഡും അടക്കം സർവകലാശാലകളുള്ള ബ്രിട്ടനെ മനഃപൂർവം ഒഴിവാക്കിയതെന്നു സർക്കാർ വൃത്തങ്ങൾ. തങ്ങളുടെ കുട്ടികൾ ക്യാമ്പസുകളിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നത് ഒഴിവാക്കാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. മുസ്‌ലിം ബ്രദർഹുഡിനെ തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് ഭീഷണിയായാണ് യുഎഇ കാണുന്നത്. ഈജിപ്റ്റ്, ലിബിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലും ബ്രദർഹുഡിനെ വിലക്കിയിട്ടുണ്ട്.