ഫെബ്രുവരിയിൽ നടന്ന ലിഥിയം കരാർ ചർച്ചയിൽ സെലൻസ്കി, ട്രംപ്, വാലൻസ് എന്നിവർ
Image: Jim Lo Scalzo/UPI Photo/IMAGO
പോളോഖിവ്സ്കെയും കോപാങ്കിയും..., പ്രേതഗ്രാമങ്ങളായിപ്പോയ പൊൻമുട്ടയിടുന്ന താറാവുകളാണ് മധ്യ യുക്രെയ്നിലെ ഈ ഗ്രാമങ്ങൾ. ഈ യുക്രെയ്നിയൻ ഗ്രാമങ്ങളുടെ പേരുകൾ പുറത്ത് അധികമാർക്കും അറിയില്ല, അവയ്ക്കടിയിലെ നിധിക്കു വേണ്ടി വില പേശുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു പോലും!
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലിഥിയം റിസർവ് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണിവ. യുക്രെയ്നുമായി ട്രംപ് ഒപ്പിടാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന കരാറാണ് ഈ ലിഥിയം കരാർ. എന്നാൽ, ഇതു വരെ യുക്രെയ്നും യുഎസിനും അഭികാമ്യമായ ഒരു ലിഥിയം കരാർ രൂപീകരിക്കാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും ചർച്ചകൾ തുടരുന്നതിനായി വാഷിങ്ടണിലേയ്ക്ക് കീവ് ഒരു ചർച്ചാ സംഘത്തെ അയച്ചിരിക്കുകയാണ്.
ഇപ്പോഴൊന്നുമല്ല, 1970കൾ മുതൽക്കേ യുക്രെയ്നിൽ ലിഥിയം കരുതൽ ശേഖരമുണ്ട് എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ, പോളോഖിവ്സ്കെയ്ക്കും കോപാങ്കിയ്ക്കും താഴെയുള്ള നിക്ഷേപം മാത്രമാണ് ആധുനിക മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍റെ കാലത്താണ് യുക്രെയ്നിൽ വൻ തോതിൽ ലിഥിയം നിക്ഷേപമുണ്ട് എന്ന് ആദ്യം കണ്ടെത്തിയത്. എന്നാൽ ഇതുവരെ യുക്രെയ്നിൽ ലിഥിയം ഖനനം ചെയ്തിട്ടില്ല. പ്രത്യക്ഷത്തിൽ ഖനികളൊന്നും ഈ രാജ്യത്ത് എവിടെയും കാണാനില്ല.
2017ലാണ് യുക്രെയ്നിയൻ ഖനന കമ്പനിയായ യുകെആർ ലിഥിയം മൈനിങ് ന് പോളോഖിവ്സ്കെയിൽ ഖനനാനുമതി ലഭിച്ചത്. തുടർന്നു നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങളിൽ കണ്ടെത്തിയ 2028-20 കാലത്തെ കണക്കു പ്രകാരം ഏകദേശം 40 ദശലക്ഷം ടൺ ലിഥിയമാണ് പോളോഖിവ്സ്കെ എന്ന കൊച്ചു ഗ്രാമത്തിന്‍റെ ഭൂഗർഭത്തിൽ ഒളിഞ്ഞിരിക്കുന്നത്. ഇതാകട്ടെ, യൂറോപ്പിലെ എല്ലായിടത്തുമുള്ള ലിഥിയം നിക്ഷേപങ്ങളെക്കാൾ വലുതാണ്. ഇക്കാരണത്താലാണ് ട്രംപ് യുക്രെയിനിന്‍റെ ലിഥിയം നിക്ഷേപത്തിൽ കണ്ണു വച്ചത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇവിടെ ചില ഭൗമാന്തർ മേഖലകളിൽ നിന്ന് പ്രതിവർഷം 1.5 ദശലക്ഷം ടൺ ലിഥിയം അയിര് വച്ച് 20 വർഷത്തേയ്ക്കു ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് യുകെആർ മൈനിങ് കമ്പനി പറയുന്നത്. പോളോഖിവ്സ്കെ നിക്ഷേപം യുക്രെയ്നിയൻ ജനതയുടേതാണ് എന്നും അത് ചൂഷണം ചെയ്യാനുള്ള അവകാശത്തിനായി കമ്പനി ഏകദേശം 2.6 ബില്യൺ യൂറോ നൽകിയിട്ടുണ്ടെന്നുമാണ് മാർച്ചിൽ കമ്പനിയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു വിശദീകരണം. ഖനനം തൊഴിലവസരങ്ങളും ഉയർച്ചയും കൊണ്ടു വരുന്നതോടൊപ്പം കടുത്ത ജലക്ഷാമം പോലുള്ള വൻ പാരിസ്ഥിതികാഘാതങ്ങളെ കുറിച്ചുള്ള ഭയവും ഇവർക്കുണ്ട്.
യുകെആർ ലിഥിയം മൈനിങിന്‍റെ പ്രാഥമിക സാധ്യതാ പഠനം പൂർത്തിയായി. അന്തിമ സാധ്യതാ പഠനം ഇപ്പോൾ ആസൂത്രണം ചെയ്തുകൊണ്ട് ഇരിക്കുകയാണ്.
ഇതു വരെ യുക്രെയ്നിൽ ആകെ നാലു ലിഥിയം അയിര് നിക്ഷേപങ്ങൾ പര്യവേഷണം ചെയ്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഇപ്പോൾ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന മേഖലയിലാണ്- സപ്പോരിജിയയിലെ ക്രുത ബാൽക്ക, ഡൊനെറ്റ്സ്കിലെ ഷെവ്ചെങ്കോ റിസർവ് എന്നിവയാണവ.
മധ്യ യുക്രെയ്നിലുള്ള രണ്ടെണ്ണത്തിൽ ഒന്ന്പോ ളോഖിവ്സ്കെയ്ക്കും കോപാങ്കിയ്ക്കും സമീപവും മറ്റൊന്ന് ഡോബ്രയ്ക്കു സമീപവുമാണ്.
ഡോബ്ര റിസർവ് ഭൂപടം നിർമിച്ചത് സോവിയറ്റ് കാലഘട്ടത്തിലാണ്. ഡോബ്രയെ കുറിച്ച് സമീപകാല ഗവേഷണങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പോളോഖിവ്സ്കെ നിക്ഷേപത്തെക്കാൾ ഇരട്ടി വലുതായിരിക്കും എന്നാണ് പ്രമുഖ യുക്രെയ്നി ജിയോളജിസ്റ്റുകളുടെ വിലയിരുത്തൽ.
ഈ ഡോബ്ര റിസർവിൽ ട്രംപ് തുറുപ്പു ചീട്ടാക്കി ഇറക്കിയിരിക്കുന്നത് തന്‍റെ സ്വകാര്യ സുഹൃത്തായ യുഎസ് ശതകോടീശ്വരൻ റൊണാൾഡ് ലോഡറുമായി പങ്കാളിയായിട്ടുള്ള ഐറിഷ് കമ്പനിയായ ടെക്മെറ്റിനെയാണ്. ഡോബ്ര റിസർവിൽ ടെക്മെറ്റ് താൽപര്യം അറിയിച്ചു കഴിഞ്ഞു. ഈ പദ്ധതി നടപ്പായാൽ അടുത്തു കിടക്കുന്ന പോളോഖിവ്സ്കെ ഗ്രാമത്തിലും ചലനങ്ങളുണ്ടാകും എന്നാണ് യുക്രെയ്ൻ കരുതുന്നത്.