റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും (വലത്), വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും
Photo Credit: AP
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടുത്ത മാസം ആദ്യവാരം ന്യൂഡൽഹിയിൽ നടത്തുന്ന സന്ദർശനത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി പുതിയ കരാറുകളും സംരംഭങ്ങളും അന്തിമമാക്കാനുള്ള ഒരുക്കത്തിലാണ്. ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തു പകരുന്ന സുപ്രധാന പദ്ധതികൾക്ക് സന്ദർശനം സാക്ഷ്യം വഹിക്കും. ഈ ഒരുക്കങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തിങ്കളാഴ്ച മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി വിപുലമായ ചർച്ച നടത്തിയിരുന്നു.
ഇന്ത്യ-റഷ്യ 23ാമത് വാർഷിക ഉച്ചകോടിക്കായുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും. നിരവധി ഉഭകക്ഷി കരാറുകളും പദ്ധതികളും വിവിധ മേഖലകളിൽ ചർച്ചകളിലാണെന്നും അടുത്ത ദിവസങ്ങളിൽ ഇവ അന്തിമമാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കർ മോസ്കോയിൽ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഈ പുതിയ പദ്ധതികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമീപകാല ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നതായി ജയശങ്കർ അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുന്നത് ലോക സമൂഹത്തിന്‍റെ മുഴുവൻ താൽപര്യത്തിന് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, യുക്രെയ്ൻ സംഘർഷം, മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള സങ്കീർണമായ ആഗോള വിഷയങ്ങളെ കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. പുടിന്‍റെ സന്ദർശനം ഡിസംബർ അഞ്ചിനോടടുത്ത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.